കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഴോണര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്തിരുന്നത് ശ്രീനാഥ് ഭാസിയായിരുന്നു. ഗുണാ കേവില്‍ വീഴുന്ന സുഭാഷ് എന്ന കഥാപാത്രമായാണ് താരം മഞ്ഞുമ്മല്‍ ബോയ്സിലെത്തിയത്. ഇപ്പോള്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് ശ്രീനാഥ് ഭാസി.
മഞ്ഞുമ്മല്‍ ബോയ്സിലെ തന്റെ സീനുകളൊക്കെ ഒരുപാട് ഫിസിക്കലായിരുന്നു എന്നാണ് താരം പറയുന്നത്. ചിത്രത്തിലെ തന്റെ ഹാലുസ്‌നേഷന്‍ സീന്‍ ശരിക്കുമുള്ള കേവിലാണ് ഷൂട്ട് ചെയ്‌തെന്നും ആ സീനുകള്‍ ചെയ്യുമ്പോള്‍ തനിക്ക് ജുറാസിക് പാര്‍ക്കാണ് ഓര്‍മ വന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
‘ആ സിനിമയിലെ സീനുകളൊക്കെ ഒരുപാട് ഫിസിക്കലായിരുന്നു. മഞ്ഞുമ്മലില്‍ എന്റെ ആ ഹാലുസ്‌നേഷന്‍ സീന്‍ ശരിക്കുമുള്ള കേവിലാണ്. അതില്‍ ദൂരെ നിന്നും ഞാന്‍ രണ്ട് കൈയും വീശിയിട്ട് ഇങ്ങോട്ട് നോക്കെടാ എന്ന് പറയുന്നത്, അത് റിയല്‍ കേവാണ്.
ചുവപ്പ് ലൈറ്റില്‍ നടക്കുന്നത് കേവിന്റെ ഭാഗമാണ്. എനിക്ക് അപ്പോള്‍ ജുറാസിക് പാര്‍ക്കൊക്കെയാണ് ഓര്‍മ വന്നത്. എന്റെ അച്ഛന്‍ ചെറുപ്പത്തില്‍ എനിക്ക് ജുറാസിക് പാര്‍ക്കിന്റെ ഫോട്ടോ കാണിച്ചു തന്നിരുന്നു. അതാണ് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നത്,’ ശ്രീനാഥ് ഭാസി പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ശ്രീനാഥ് ഭാസിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
Content Highlight: Sreenath Bhasi Talks About Manjummel Boys