കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ നടന്‍ ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനാണ് ശ്രീനാഥ് ഭാസിയുടെ സാമ്പിളുകള്‍ അയക്കുന്നത്. ശ്രീനാഥിനോടും ചട്ടമ്പി ചിത്രത്തിന്റെ നിര്‍മാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവതാരകയെ അപമാനിച്ചെന്ന കേസില്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം എറണാകുളം മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തിങ്കളാഴ്ച പകല്‍ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനു ശേഷം താരത്തെ വിട്ടയച്ചിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ നിര്‍ബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.
പരാതിയില്‍ പരമര്‍ശിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പരാതിക്കാരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Content Highlight: Sreenath Bhasi’s fingernail, hair and blood samples for testing