ശ്രീനാഥ് ഭാസിക്കെതിരായ കേസിന് പിന്നാലെ സിനിമാ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തുന്ന താരങ്ങളോട് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചില അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരവും അതിനോടുള്ള താരങ്ങളുടെ പ്രതികരണങ്ങളും ചര്‍ച്ചയാവുകയാണ്.
ശ്രീനാഥ് കേസിലെ പരാതിക്കാരിയായ അവതാരകയുടെ മുന്‍ അഭിമുഖങ്ങളാണ് അത്തരത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. തികച്ചും വ്യക്തിപരമായ, ഒരു അഭിമുഖത്തില്‍ ഒരു തരത്തിലും കടന്നുവരേണ്ടതില്ലാത്ത തരം ചോദ്യങ്ങളാണ് ഇതില്‍ ചിലതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
സിനിമ-സീരിയല്‍ താരം ഷഫ്‌നയും ഭര്‍ത്താവും നടനുമായ സജിനുമൊത്തുള്ള ഒരു അഭിമുഖത്തില്‍ ശ്രീനാഥ് കേസിലെ പരാതിക്കാരിയായ അവതാരക ചോദിക്കുന്ന ചോദ്യത്തിന്റെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ഇനി ഞാന്‍ എല്ലാ കപ്പിള്‍സിനോടും ചോദിക്കുന്ന ഒരു ക്ലീഷേ ചോദ്യം ചോദിക്കട്ടെ എന്ന മുഖവുരയോടെയാണ് ചോദ്യം.
നിങ്ങള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം ഏതാണെന്ന് ചോദിച്ച ശേഷമാണ് അവതാരക ഈ ചോദ്യം ഉന്നയിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായില്ലേ, നിങ്ങളില്‍ ആര്‍ക്കാണ് പ്രശ്‌നം എന്നായിരിക്കുമല്ലേ നിങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് എന്നാണ് അവതാരകയുടെ ചോദ്യം.
ഈ രീതിയില്‍ തങ്ങളോട് ആരും ഇതുവരെ ചോദിച്ചിട്ടില്ലെന്ന് ഷഫ്‌നയും സജിനും മറുപടി പറയുന്നുണ്ട്. ഞങ്ങളില്‍ ആര്‍ക്കാണ് കുഴപ്പമെന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ലെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചോദ്യമെന്നും അങ്ങനെയാരു ചോദ്യം വേണ്ടായിരുന്നെന്നും സജിന്‍ പറയുന്നുണ്ട്.
അവിടേയും നിര്‍ത്താതെ, ഇതിനേക്കാള്‍ വിചിത്രമായ ഏതെങ്കിലും ചോദ്യം നിങ്ങള്‍ കേട്ടിട്ടുണ്ടോ, നിങ്ങളില്‍ ആര്‍ക്കാണ് പ്രശ്‌നം എന്ന് പറഞ്ഞ് ചിരിക്കുകയാണ് അവതാരക. ഇത്തരത്തില്‍ നമ്മുടെ ഇഷ്ടങ്ങളിലേക്ക് കടന്നുകയറി ആളുകള്‍ ചോദിക്കുമ്പോള്‍ എന്താണ് തോന്നാറ് എന്ന ചോദ്യമാണ് അടുത്തതായി അവതാരക ചോദിക്കുന്നത്.
അങ്ങനെ ആളുകള്‍ കടന്നുകയറാറില്ലെന്നും അതിന് തങ്ങള്‍ അനുവദിക്കാറില്ലെന്നും സജിന്‍ മറുപടി നല്‍കുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ വന്നിരിക്കുമ്പോഴായിരിക്കുമല്ലേ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുകയെന്ന് അവതാരക പറയുന്നുണ്ട്.
മുമ്പ് നടന്‍ ആസിഫ് അലിയുമായി നടത്തിയ അഭിമുഖത്തില്‍ ഭാര്യയറിയാതെ കറങ്ങാന്‍ പോയിട്ടുണ്ടോ എന്ന ചോദ്യമാണ് അവതാരക ഉന്നയിക്കുന്നത്. കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ചോദ്യം പ്രതീക്ഷിക്കുന്നുവെന്നാണ് ഇതിന് ആസിഫ് നല്‍കുന്ന മറുപടി. സിനിമയുടെ പ്രൊമോഷന് വന്നിട്ട് ഇങ്ങനെയുള്ള ചോദ്യങ്ങളാണോ ചോദിക്കുന്നതെന്നും ആസിഫ് പറയുണ്ട്.
അഞ്ചാം പാതിരയുടെ ഇന്റര്‍വ്യൂവിന് എത്തിയ കുഞ്ചാക്കോ ബോബനും അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നുണ്ട്. പ്രിയ ചേച്ചിയോട് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നത് എന്തിനാണെന്നും ഭര്‍ത്താവെന്ന നിലയ്ക്ക് മറുപടി പറയണമെന്നുമാണ് ചോദ്യം. അത്തരം ചോദ്യങ്ങള്‍ക്കൊന്നും ചാക്കോച്ചന്‍ മറുപടി നല്‍കാതിരിക്കുകയും അല്‍പം കൂടി പഠിച്ച് വന്ന് നല്ല ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറയുന്നുമുണ്ട്.
കഴിഞ്ഞ ദിവസം നടി ദീപ തോമസ് ഓണ്‍ലൈന്‍ അവതാരകരുടെ ചില ചോദ്യങ്ങളെ ട്രോളി കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
ഞാനൊരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ ആണാണോ പെണ്ണാണോ? താന്‍ കടന്നു പോയ ട്രോമയെ പറ്റി എക്‌സ്‌പ്ലൈയിന്‍ ചെയ്യു? ലാസ്റ്റ് കോള്‍ ഏതാണ്? ലാസ്റ്റ് വാട്‌സ് ആപ്പ് ചാറ്റ് ഏതാണ്? അഞ്ച് ആക്ടേഴ്‌സിന്റെ പേര് ഒന്ന് മുതല്‍ അഞ്ച് വരെ പറയാമോ? തുടങ്ങി ഓണ്‍ലൈന്‍ അഭിമുഖങ്ങളിലെ നിലവാരം കുറഞ്ഞ ചോദ്യങ്ങളെ വിമര്‍ശിച്ചായിരുന്നു ദീപയുടെ വീഡിയോ. ഇതിനെതിരെ പരാതിക്കാരിയായ അവതാരക രംഗത്തെത്തുകയും ചെയ്തിരുന്നു.
വിജയ് ബാബു കേസില്‍ നീതി വേണമെന്ന് പറഞ്ഞ് പരാതി കൊടുത്തവര്‍ തന്നെ പരോക്ഷമായി കളിയാക്കിക്കൊണ്ട് പല പോസ്റ്റുകളും ഇട്ടത് കണ്ടെന്നും സ്ത്രീയെന്ന പരിഗണന തന്നില്ലെങ്കിലും ഇവര്‍ക്കൊക്കെ മിണ്ടാതിരിക്കാമായിരുന്നു എന്നുമാണ് പരാതിക്കാരി പ്രതികരിച്ചത്.
ആ രീതിയില്‍ അപമാനിച്ചത് കണ്ടപ്പോള്‍ വേദന തോന്നി. എനിക്ക് അറിയാവുന്ന വ്യക്തിയാണ്. അവരോട് വൈരാഗ്യമില്ല. ഇനി തന്റെ കരിയറില്‍ താന്‍ ഒരു ചോദ്യം ചോദിക്കുമ്പോള്‍ എങ്ങനെയൊക്കെ പേടിക്കണം, എന്തൊക്കെയായിരിക്കും ആളുകളുടെ റിയാക്ഷന്‍ ഇതൊക്കെ ആലോചിച്ച് മെന്റല്‍ ട്രോമയിലാണ് താനെന്നും അവതാരക റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിരുന്നു.
കടന്നുപോകുന്ന അവസ്ഥ ഭീകരമാണെന്നും സ്വന്തം വീട്ടില്‍ വരുമ്പോള്‍ മാത്രമേ ഇതിന്റെ ഗൗരവും മനസിലാവുകയുള്ളൂവെന്നും ഇത്തരം സംഭവങ്ങളില്‍ പരാതിക്കാരായവര്‍ എത്രത്തോളം വേദനിക്കുന്നു എന്ന് ഇപ്പോള്‍ മാത്രമാണ് മനസിലായതെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്.
ശ്രീനാഥ് കേസ് വന്നതിന് പിന്നാലെ താന്‍ ആരുടേയും കിടപ്പറ രഹസ്യങ്ങള്‍ ചോദിക്കാറില്ലെന്നും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാറില്ലെന്നും അവതാരക പറഞ്ഞിരുന്നു.
Content Highlight: Sreenath Bhasi case Online media interviewer questions on celebrities goes Viral