ഒരു പുതിയ സംവിധായികയേയും നായികയേയും അവതരിപ്പിച്ചു കൊണ്ട് ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മലയാള സിനിമയില്‍ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിങ്ങ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി.
ആരതി ഗായത്രി ദേവിയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുങ്കുവിലെ അറിയപ്പെടുന്ന ഇന്‍ഫളുവെന്‍സറും ഗായികയും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ ശ്രീരംഗ സുധ നായികയായി മലയാളത്തിലേക്ക് എത്തുകയാണ്.
വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ടു യുവാക്കളുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കുന്നത്. ഇവര്‍ക്കിടയില്‍ നിലനിന്നു പോകുന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിലെ നിര്‍ണായകമായ ഘടകങ്ങളാണ്.
അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്.കെ, സമീര്‍ ചെമ്പയില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിര്‍മിച്ചു കൊണ്ടാണ് ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്.
വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ് ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. ബബിത ബാബു സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. അലക്‌സ് തോമസ് ഫസ്റ്റ് ക്ലാപ്പും അടിച്ചു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – അലക്‌സ് തോമസ്, സംഗീതം – കൈലാസ് മേനോന്‍.