| Tuesday, 5th March 2024, 3:31 pm

കുഴിയില്‍ വീണ ശേഷമുള്ള എന്റെ കുറേ രംഗങ്ങളുണ്ടായിരുന്നു, അത് സിനിമയില്‍ കാണിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ ചില രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ഗുണ കേവില്‍ വീണ ശേഷമുള്ള സുഭാഷിന്റെ ചില രംഗങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ട് ചെയ്ത ആ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് ചിദംബരം തീരുമാനിക്കുകയായിരുന്നെന്നും ശ്രീനാഥ് പറഞ്ഞു. അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍ വ്യക്തമായ ഒരു കാരണവും ഉണ്ടായിരുന്നെന്നും ശ്രീനാഥ് ഭാസി പറയുന്നു. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാസി.

‘ഗുഹയില്‍ പെട്ടുപോയ ശേഷം എടുക്കുന്ന രംഗങ്ങളിലൊക്കെ നമ്മള്‍ ഫിസിക്കലായി കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. കാല് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ബാക്ക് സൈഡില്‍ പില്ലോ വെച്ച് ഒരു പ്രത്യേക രീതിയില്‍ ഞാന്‍ നില്‍ക്കുന്ന രംഗങ്ങളൊക്കെയുണ്ട്.
ആദ്യത്തെ ഷോട്ടൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഷൈജു ചേട്ടനും ചിദംബരവുമൊക്കെ സഹായിച്ചു. അവര്‍ പറഞ്ഞു തന്നു.

കുറേ കാര്യങ്ങള്‍ ചെയ്യണം. കുറേ ഇമോഷന്‍സ് വരണം. സുഭാഷ് അവിടെ കിടന്ന് പിച്ചും പേയും പറയുന്നതിന്റെയൊക്കെ ക്ലോസ് ഷോട്ടുകള്‍ ഉണ്ടായിരുന്നു. പിച്ചും പേയും പറയുന്നത് പല രീതിയില്‍ എടുത്തിരുന്നു. പല എക്‌സ്പ്രഷന്‍സ് ഉണ്ടായിരുന്നു.

എന്നാല്‍ സൗബിന്റെ കുട്ടേട്ടന്‍ എന്ന കഥാപാത്രം എന്റെയടുത്ത് എത്തുമ്പോള്‍ മാത്രമേ എന്നെ പ്രേക്ഷകര്‍ കാണാവൂ എന്ന് ചിദംബരം തീരുമാനിച്ചു. അതുവരെ എന്നെ കാണരുത്. പിച്ചും പേയും പറയുന്നതേ കേള്‍ക്കാവൂ എന്നായിരുന്നു ചിദംബരം പറഞ്ഞത്.

ഷൂട്ടിന്റെ സമയത്ത് എന്റെ ചിന്തകളോ എന്റെ പ്രശ്‌നങ്ങളോ ഞാന്‍ മറന്നു. ഇതെന്റെ വര്‍ക്കാണ്. പൂര്‍ണമായി ആ രംഗങ്ങള്‍ മനോഹരമാക്കണം. സുഭാഷിന്റെ റോള്‍ എത്ര മനോഹരമാക്കാം എന്നാണ് ആലോചിച്ചത്. ഞാന്‍ സുഭാഷേട്ടനെ നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തിന് അന്നത്തെ സംഭവത്തെ കുറിച്ച് സംസാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അയ്യോ അത് ചോദിക്കല്ലേ ഭാസീ എനിക്കിന്ന് ഉറങ്ങാന്‍ പറ്റില്ല എന്നാണ് ആദ്യം തന്നെ കണ്ടപ്പോള്‍ പറഞ്ഞത്. മഞ്ഞുമ്മല്‍ പെരുന്നാളിന് പോയിരുന്നു. അവിടെ വെച്ചാണ് ഞാന്‍ എന്റെ യാത്ര ആരംഭിക്കുന്നത്. കുട്ടന്‍ ചേട്ടനേയും സിക്‌സണ്‍ ചേട്ടനേയുമൊക്കെ കാണുന്നത് അവിടെ വെച്ചാണ്.

ഞങ്ങള്‍ എല്ലാവരും അവരുടെ ഫാന്‍സായി മാറിയെന്ന് പറയാം. വല്ലാത്തൊരു പവറും ആറ്റിറ്റിയൂഡുമൊക്കെ അവര്‍ക്കുണ്ട്. അവര്‍ വലിയ ആളുകള്‍ തന്നെയാണ്. നമ്മുടെ അടുത്ത ആളുകളായിട്ടാണ് എനിക്ക് അവരെ തോന്നിയത്. അത്രയും അടുത്തു. മാത്രമല്ല അവരും വലിയ എക്‌സൈറ്റിങ് ആയിരുന്നു.

ഞങ്ങള്‍ എല്ലാവരും ഭാഗ്യവാന്മാരാണ് ഒരു തരത്തില്‍. ലൈവായി നമ്മള്‍ അവരെ കാണിക്കുകയാണ് അവര്‍ നേരിട്ട ഒരു കാര്യം. അതൊരു ചലഞ്ച് ആണ്. അതേ ഡെപ്തില്‍ എല്ലാവര്‍ക്കും വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് ആയതുകൊണ്ട് കൂടിയാണ്.

വേറെയും ആളുകള്‍ ഈ സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചിദംബരം അത് ചെയ്തു. അമേസിങ് ഫിലിം മേക്കറാണ് അദ്ദേഹം. അതുപോലെ ഈ സിനിമയ്ക്ക് വേണ്ടി പണം ചിലവഴിക്കാന്‍ സൗബിന്‍ തയ്യാറായി. ഞങ്ങളെപ്പോലുള്ള ആളുകളെ വെച്ച് ഇത്രയും പണം മുടക്കാന്‍ അദ്ദേഹം തയ്യാറായി. അതൊന്നും ആരും ചെയ്യില്ല,’ ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Sreenath Bhasi about the deleted scenes in Manjummel boys

We use cookies to give you the best possible experience. Learn more