ആരാടോ ഈ പോസ്റ്ററുണ്ടാകിയത്; ഈ കാണുന്നതേയല്ല പരിപാടി; ടോട്ടലി മിസ് ലീഡിങ്: ശ്രീനാഥ് ഭാസി
Movie Day
ആരാടോ ഈ പോസ്റ്ററുണ്ടാകിയത്; ഈ കാണുന്നതേയല്ല പരിപാടി; ടോട്ടലി മിസ് ലീഡിങ്: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th September 2023, 12:45 pm

ഹണി റോസ് ഷൈന്‍ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമായ തേരി മേരിയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.

നവാഗതരായ ആരതി മിഥുന്‍ എഴുതിയ തിരക്കഥയില്‍ ശ്രീരാജ് രാജേന്ദ്രനാണ് സംവിധാനം നിര്‍വഹിക്കുന്നത്. അംജിത്ത് എസ്.കെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ആരാണ് ഈ പോസ്റ്ററുണ്ടാക്കിയതെന്നായിരുന്നു പോസ്റ്റര്‍ കണ്ട ശേഷം വേദിയില്‍ ശ്രീനാഥ് ഭാസി ചോദിച്ചത്. ഈ പോസ്റ്ററിലുള്ള പശ്ചാത്തലവും ശരിക്കുമുള്ള സിനിമയുടെ പശ്ചാത്തലവും മുഴുവന്‍ വേറെയാണെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്.

‘ആരാടോ പോസ്റ്ററുണ്ടാക്കിയത്. ഈ കാണുന്നതേയല്ല പരിപാടി. രാജാക്കന്‍മാരല്ല രാജ്ഞിയല്ല മുഴുവനായും തെറ്റിദ്ധരിപ്പിക്കുന്ന ഒരു പോസ്റ്ററാണിത്. അതാണ് ഈ പോസ്റ്റിനെപ്പറ്റി എനിക്ക് പറയാനുള്ളത്’, എന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്.

ഈ പോസ്റ്ററിലുള്ള പശ്ചാത്തലവും ശരിക്കുമുള്ള സിനിമയുടെ പശ്ചാത്തലവും മുഴുവന്‍ വേറെയാണെന്നും അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞാല്‍ പിന്നെ സിനിമ റിലീസ് ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഇതോടെ ചിത്രത്തിന്റെ നിര്‍മാതാവ് അംജിത്ത് എസ്.കെ പറഞ്ഞത്.

‘ശരിക്കും ഈ പോസ്റ്ററില്‍ കാണുന്നതല്ല സിനിമയുടെ പശ്ചാത്തലവും കഥയുമൊന്നും. പിന്നെ ബാക്കിയുള്ള കാര്യമെല്ലാം ശ്രീരാജിനെ അറിയൂ. പിന്നെ എന്തുകൊണ്ട് ഈ പോസ്റ്റര്‍ എന്ന് ചോദിച്ചാല്‍ അത് ശ്രീരാജിനും ആരതിക്കും മാത്രമേ അറിയുള്ളു. മാത്രമല്ല എന്തുകൊണ്ട് ഈ പോസ്റ്റര്‍ എന്ന് പറഞ്ഞു കഴിഞ്ഞാന്‍ പിന്നെ സിനിമ ഷൂട്ട് ചെയ്ത് റിലീസ് ചെയ്യേണ്ട ആവശ്യമില്ലല്ലോ’, അംജിത്ത് എസ്.കെ പറഞ്ഞു.

പോസ്റ്ററില്‍ രാജാക്കന്മാരെ പോലെ വേഷം ധരിച്ചായിരുന്നു ഷൈന്‍ ടോമിനേയും ശ്രീനാഥ് ഭാസിസേയും കാണിച്ചിരുന്നത്. നടുവില്‍ രാജ്ഞിയായി ഇരിക്കുന്ന ഹണി റോസിനേയും കാണാം.

പോസ്റ്ററില്‍ ഷൈനിന്റെയും ഭാസിയുടെയും കൂടെ ഹണി റോസ് ഉണ്ടെങ്കിലും വേദിയില്‍ ഹണി റോസ് ഉണ്ടായിരുന്നില്ല. ഇതോടെ ഹണി റോസിന്റെ ഫോട്ടോ കാണിച്ച് നിങ്ങളെ പറ്റിച്ചതാണെന്നായിരുന്നു ശ്രീനാഥ് ഭാസി തമാശയായി പറഞ്ഞത്.

‘നിങ്ങളെല്ലാവരും വിചാരിച്ചില്ലേ ഹണി റോസ് ഉണ്ടാവുമെന്ന്. പറ്റിച്ചതാണ് ബ്രോ.. ഞങ്ങള്‍ക്കും അറിയില്ലായിരുന്നു പോസ്റ്റര്‍ ഇങ്ങനെയിരിക്കുന്നതെന്ന്. തേരി മേരിയെ എല്ലാവരും സപ്പോട്ട് ചെയ്യുക, നിര്‍മാതാവ് അംജിത്തിന് നന്ദി. നവാഗതനായ ശ്രീരാജിന്റെ കൂടെ വര്‍ക്ക് ചെയ്യാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’, എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Sreenath Bhasi about Teri Meri  Movie Poster