പ്രണയത്തില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി, പിന്നീട് അവരെ കണ്ട് സംസാരിച്ചപ്പോഴാണ് സന്തോഷമായത്: ശ്രീനാഥ് ഭാസി
Movie Day
പ്രണയത്തില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി, പിന്നീട് അവരെ കണ്ട് സംസാരിച്ചപ്പോഴാണ് സന്തോഷമായത്: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 12:16 pm

യുവതയുടെ ഇഷ്ട താരമാണ് ശ്രീനാഥ് ഭാസി. 2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലെക്കെത്തിയത്. ഉസ്താദ് ഹോട്ടല്‍, ഡാ തടിയാ, ഹണീ ബീ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. വൈറസ്, ഭീഷ്മ, ഹോം എന്നീ ചിത്രങ്ങളിലെ ശ്രീനാഥിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിലാഷ് എസ്. കുമാര്‍ സംവിധാനം നിര്‍വഹിച്ച ചട്ടമ്പിയാണ് ഭാസിയുടെ പുതിയ സിനിമ.

പ്രണയം എന്ന ബ്ലെസി ചിത്രത്തില്‍ വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുകയായിരുന്നു ശ്രീനാഥ് ഭാസി. സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഭയങ്കര പേടിയായിരുന്നെന്നും അതിന് ശേഷം ആഷിഖ് അബു, അന്‍വര്‍ റഷീദ് എന്നിവരെ മീറ്റ് ചെയ്തപ്പോഴാണ് ആ പ്രശ്നം മാറിയതെന്നും ശ്രീനാഥ് പറയുന്നു. ചട്ടമ്പി സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നമ്മള്‍ ചെയ്യുന്ന അതേ വര്‍ക്കാണ് അല്ലെങ്കില്‍ നമ്മുടെ അതേ ഫീല്‍ഡിലാണ് കൂടെ ഉള്ളവരെങ്കില്‍ സ്വഭാവികമായി നമ്മുടെ മനസ്സ് അവരുമായി കണക്ട് ചെയ്യും. ഞാന്‍ സിനിമയില്‍ ആദ്യം വന്ന് ബ്ലെസിയുടെ പ്രണയത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര പേടിയായി.

അതിന് ശേഷം ആഷിഖ് അബു, അന്‍വര്‍ റഷീദ് എന്നിവരെ മീറ്റ് ചെയ്തപ്പോള്‍ സന്തോഷമായി. നമ്മളെ മുന്നോട്ട് നയിക്കുന്നതില്‍ നമ്മള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് വലിയ പങ്കുണ്ട്.

ഒരേ വൈബ് ഉണ്ടാക്കുക എന്നത് മാത്രമല്ല, കൂടെ ഉള്ളവര്‍ നമ്മളെ താഴെ ഇറക്കാതെ എപ്പോഴും ഉയര്‍ത്തുന്നവരായിരിക്കണം. പ്രണയത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് വേറെ ഒന്നിനെക്കുറിച്ചും ശ്രദ്ധയില്ലായിരുന്നു.

നല്ല സിനിമ ഉണ്ടാക്കുക എന്ന പണിയെക്കുറിച്ച് മാത്രമായിരുന്നു അവര്‍ ചിന്തിച്ചത്. അതല്ലാതെ അതിന്റെ ചുറ്റുമുള്ള വേറെ പണികളെക്കുറിച്ചും കോമഡികളെക്കുറിച്ചൊന്നും അവര്‍ക്ക് ചിന്തയില്ലായിരുന്നു.

ആ സിനിമയില്‍ എല്ലാവരും എന്നേക്കാള്‍ പത്ത് വയസ്സ് കൂടിയവരാണ്. അതുകൊണ്ടാകും അങ്ങനെ ഒരു ഭയം എന്റെ ഉള്ളിലുണ്ടാകാന്‍ കാരണം. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു.

എല്ലാവരും എന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്തു. അപ്പോള്‍ മാത്രം ഞാന്‍ ചുറ്റും നല്ല ആളുകള്‍ വേണം എന്ന് കൂടി മനസ്സിലാക്കിയത്. നമ്മള്‍ നന്നാവുന്നത് നമ്മുടെ ചുറ്റുമുള്ളവരുടെ ഗുണങ്ങള്‍ക്ക് അനുസരിച്ചാണ്. അതിന് ശേഷമാണ് ഞാന്‍ ഇവരുടെ കൂടെ കൂടിയത്,” ഭാസി പറഞ്ഞു.

ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി ഭാസിക്ക് ഒപ്പം അഭിനയിച്ച നടനാണ് ശേഖര്‍ മേനോന്‍ അദ്ദേഹത്തെക്കുറിച്ചും ഭാസി അഭിമുഖത്തില്‍ പറഞ്ഞു.

‘ ശേഖറിനെ ഞാന്‍ പരിചയപ്പെടുന്നത് ക്ലബില്‍ വെച്ചാണ്. ഡിജെ ശേഖറിനെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആഷിഖ് അബു അദ്ദേഹത്തിന്റെ ഡാ തടിയാ പ്ലാന്‍ ചെയ്തപ്പോഴാണ് ഞാനും ശേഖറും കൂടുതല്‍ കണക്ട് ആകുന്നത്. ഡാ തടിയാ എന്ന സിനിമയില്‍ അവന്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. മനോഹരമായ പാട്ട് സിനിമയ്ക്ക് വേണ്ടി ചെയ്തു. അവന്റെ മ്യൂസിക് ഒരു രക്ഷയുമില്ലാത്തതാണ്,” ശ്രീനാഥ് ഭാസി പറഞ്ഞു.

22 ഫീമെയില്‍ കോട്ടയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, പറവ, ഗൂഡാലോചന, ബി ടെക്, ഇബ്ലീസ്, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളിലും ശ്രീനാഥ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Sreenath Bhasi about Pranayam movie shoot and The Team