| Sunday, 11th September 2022, 11:28 am

കാവി പുതച്ച ശ്രീനാരായണഗുരു അഥവാ സംഘിസം ഒളിച്ചു കടത്തല്‍

ശ്രീലത എസ്‌

കേരളത്തിലെ ബി.ജെ.പി നേതാവ് ശ്രീനാരായണ ഗുരുവിന്റെ കാവി പുതപ്പിച്ച പടം ഇട്ടിരുന്നത് ഷെയറിംഗിലൂടെ കാണാനിടയായി. വെള്ള തോര്‍ത്തു പുതച്ച ഗുരുവിന്റെ ചിത്രങ്ങളേ ഞാന്‍ കണ്ടിരുന്നുള്ളു. പക്ഷേ തീര്‍ത്ഥാടനത്തിന് മഞ്ഞ (കാവി നിറമല്ല) നിറമുള്ള വേഷം ധരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതായി വായിച്ചു. അതു തന്നെ സില്‍ക്ക് ആവരുത്, പുതിയ തുണിപോലും വേണമെന്നില്ല, ഉള്ളത് മഞ്ഞള്‍ വെള്ളത്തില്‍ മുക്കി ഉണക്കി എടുത്തതായാലും മതി എന്നും പറഞ്ഞിരുന്നുവത്രേ.

ശ്രീലങ്ക യാത്രയ്ക്കിടെ മാത്രമേ ഗുരു മഞ്ഞനിറമുള്ള വേഷം ധരിച്ചിരുന്നുള്ളു എന്നും വേറൊരിടത്ത് വായിച്ചിരുന്നു. ചില പ്രതിമകള്‍ മഞ്ഞ പുതച്ചതായി കണ്ടിട്ടുണ്ട്, പക്ഷേ കാവി കണ്ടിട്ടേയില്ല. ഇതൊന്നും ശ്രദ്ധിക്കാതെ കാവി ധരിച്ച, ധരിപ്പിച്ച ഗുരുവിന്റെ പടം പലരും നിഷ്‌കളങ്കമായി, ഷെയര്‍ ചെയ്തിരുന്നതും കണ്ടു. ഇതാണ് യഥാര്‍ത്ഥ സംഘിസം ഒളിച്ചു കടത്തല്‍. പതിയെ പതിയെ ഇനി നമ്മള്‍ വര്‍ഷാവര്‍ഷം ചുരുങ്ങിയത് രണ്ടു തവണ വീതം കാവി പുതച്ച ഗുരുവിനെ കാണും.

ശബരിമല ആചാരസമരത്തിനും ആ നേതാവും മറ്റൊരു വനിതാ നേതാവും കാവിസില്‍ക്ക് ഇരുമുടിക്കെട്ട് ഉപയോഗിച്ചു, അന്നേവരെ കറുപ്പ് മാത്രം ഉപയോഗിച്ചിടത്തായിരുന്നു ഇത് എന്നോര്‍ക്കണം. ആര്‍ക്കും ആചാരലംഘനപരാതിയൊന്നുമേ ഇല്ലായിരുന്നു. കാരണം ആചാരസംരക്ഷകരാണല്ലോ ആചാരം ലംഘിച്ചതും. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്തെല്ലാം ആക്രോശങ്ങളും തേങ്ങ തലയ്ക്ക് എറിയലും മറ്റും നടക്കുമായിരുന്നു എന്നോര്‍ക്കണം.

എന്തു പറഞ്ഞാലും ശരി, ബി.ജെ.പിയുടെ കൂടെയാണ് ജനങ്ങള്‍ അധികം എന്നൊരു തോന്നല്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. അമ്പലം സന്ദര്‍ശിക്കുന്ന, കുറിവാരിപ്പൂശുന്ന രാഹുലും പ്രിയങ്കയും, ആചാരസമരകാലത്ത് ആദ്യം വിധിയെ സ്വാഗതം ചെയ്തതു മാറ്റിപ്പറയേണ്ടി വന്ന രാഹുല്‍, തെരഞ്ഞെടുപ്പു കാലത്ത് ആചാരസംരക്ഷണാര്‍ത്ഥം കോണ്‍ഗ്രസ്സ് എടുത്ത ഷോര്‍ട്ട് ഫിലിം, ഇതെല്ലാം ആ ആശയക്കുഴപ്പമാണ് കാണിച്ചത്. ഒന്നും വേണ്ട തങ്ങള്‍ കോരിയ വെള്ളത്തിന്റെ ഫലമാണ് കോണ്‍ഗ്രസ്സിന്റെ ലോക്സഭാ വിജയം എന്നു മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു പോലും കഴിഞ്ഞില്ല.

ഇപ്പോഴാണെങ്കിലോ കാഴ്ച്ചക്കുല സമര്‍പ്പിക്കുന്ന, രാജകുടുംബത്തിന് ഉത്രാടക്കിഴി സമര്‍പ്പിക്കുന്ന കമ്മ്യൂണിസ്റ്റു നേതാക്കളേയും കാണേണ്ടി വരുന്നു, എന്തൊരു ഗതികേടാണിത്! മഗ്സസെ അവാര്‍ഡ് നിരസിച്ച കാരണമൊന്നും ഇവിടെ ബാധകമല്ല! രാജകുടുംബം കമ്മ്യൂണിസം വളരാന്‍ സഹായിച്ചവരാകും! മനുഷ്യരെക്കൊണ്ട് വെറുതേ അയ്യോ കഷ്ടം പറയിപ്പിക്കാനായി മാത്രം ഓരോരോ പണികള്‍ ! ഒന്നുമില്ലെങ്കില്‍ ഇത് കേരളമല്ലേ, ഇത് സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് ഇഷ്ടപ്പെടും എന്ന മൂഢവിശ്വാസത്തില്‍ ചെയ്തു കൂട്ടേണ്ട ആവശ്യമുണ്ടോ? തിരുവനന്തപുരം മേയറെ തിരുത്തിയതു പോലെ പാര്‍ട്ടി സെക്രട്ടറി ഇവരേയും തിരുത്തുമെന്നും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ആശിക്കുകയാണ്.

കാലം മാറുമ്പോള്‍ കാലത്തിനൊത്ത് മാറിയേ കഴിയൂ, പക്ഷേ ഇതു കുഴിയാനകളെ പോലെ തിരിഞ്ഞു നടക്കലാണ്. അല്ലെങ്കിലും യാതൊരു മനുഷ്യോപകാരപ്രദമായ പ്രവര്‍ത്തനവും നടത്താതെ ഇത്തരം ഗിമ്മിക്ക്‌ നടത്തി വോട്ടു പിടിക്കാന്‍ നടക്കുന്നവരെ അനുകരിക്കേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും? അവര്‍ അതില്‍ എങ്ങനെ ജയിക്കാനാണ്? ലേശം കൂടി വകതിരിവു കാണിക്കുന്നത് നല്ലതാണ്.

Content Highlight: Sreelatha’s Writeup About Sreenarayana Guru and Sanghism

ശ്രീലത എസ്‌

We use cookies to give you the best possible experience. Learn more