| Sunday, 23rd May 2021, 7:30 pm

നായികയായി അഭിനയിച്ചിരുന്നുവെങ്കില്‍ നാലഞ്ച് ചിത്രം പൊട്ടിപ്പോകുന്നതോടെ ഫീല്‍ഡില്‍ നിന്ന് പോയേനെ എന്ന് അടൂര്‍ ഭാസിച്ചേട്ടന്‍ പറഞ്ഞു; ശ്രീലത നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നായികയായി അഭിനയിച്ചിരുന്നുവെങ്കില്‍ ഒരു നാലഞ്ച് ചിത്രങ്ങള്‍ പൊട്ടി പോകുന്നതോടെ ഫീല്‍ഡില്‍ നിന്നേ പോയെനെയെന്ന് തന്നോട് ഒരിക്കല്‍ അടൂര്‍ ഭാസി പറഞ്ഞിട്ടുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി. സിനിമയിലെത്തിയതിനെപ്പറ്റി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീലതയുടെ പരാമര്‍ശം.

‘ അടൂര്‍ ഭാസിച്ചേട്ടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു നായികയായി അഭിനയിച്ചിരുന്നുവെങ്കില്‍ ഒരു നാലഞ്ച് ചിത്രങ്ങള്‍ പൊട്ടി പോകുന്നതോടെ ഫീല്‍ഡില്‍ നിന്നേ പോയെനെ എന്ന്. അത് ശരിയാണ് കോമഡി ട്രാക്കിലേക്ക് മാറിയത് കൊണ്ട് മാത്രമാണ് ഇത്രയധികം സിനിമകള്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചത്, ഇന്നും സജീവമായി നില്‍ക്കാന്‍ സാധിക്കുന്നത്’, ശ്രീലത പറഞ്ഞു.

നിത്യഹരിത നടന്‍ പ്രേം നസീറിനെപ്പറ്റിയും ശ്രീലത മനസ്സുതുറന്നിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വ്യക്തി പ്രേം നസീര്‍ ആണെന്നായിരുന്നു ശ്രീലത പറഞ്ഞത്.

‘ഭയങ്കര പിന്തുണ തന്നിട്ടുള്ള മനുഷ്യനാണ്. എന്ത് സാഹചര്യവുമായും അദ്ദേഹം പൊരുത്തപ്പെടും, ഒരു നിര്‍ബന്ധങ്ങളുമില്ല. മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ് ആയാലും അത് ധരിച്ച് അഭിനയിച്ചോളും.നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പുലര്‍ച്ച വരെയും ഒരു പരാതിയുമില്ലാതെ ഷൂട്ടിംഗ് തീരാന്‍ കാത്തു നില്‍ക്കും. ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കൈ നല്‍കുന്നത് മറു കൈ അറിയരുതെന്ന് പറയുന്ന പോലെ അതൊന്നും ആരും അറിഞ്ഞിട്ടില്ല’, ശ്രീലത പറഞ്ഞു.

അഭിനയത്തോട് ഒരു താല്‍പ്പര്യമില്ലാത്ത വ്യക്തിയായിരുന്നു താനെന്നും യാദൃശ്ചികമായി ഈ രംഗത്തേക്ക് എത്തിപ്പെട്ടതാണെന്നും ശ്രീലത പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍- നയന്‍താര ചിത്രമായ നിഴലാണ് ശ്രീലത നമ്പൂതിരിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ചാക്കോച്ചന്റെ അമ്മയായി എത്തിയത് ശ്രീലതയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Sreelatha Namboothiri Talks About Films And Career

We use cookies to give you the best possible experience. Learn more