ശ്രീലങ്കയുടെ ക്രൂരത തമിഴ് അവതാരകയോടും
World
ശ്രീലങ്കയുടെ ക്രൂരത തമിഴ് അവതാരകയോടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2013, 3:56 pm

[]    കൊളംബൊ: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കന്‍സൈന്യം തമിഴ് വാര്‍ത്താ  അവകാരകയും ഗായികയുമായിരുന്ന സുപ്രിയയോട് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തായി.

പ്രഭാകരന്റെ മകന്റെ മരണം അടക്കമുള്ള ദുശ്യങ്ങള്‍ പുറത്ത്‌വിട്ട ബ്രിട്ടനിലെ ചാനല്‍ ഫോര്‍ തന്നെയാണ് ഈ ദൃശ്യങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

യുദ്ധഭൂമിയില്‍ നിന്ന് സുപ്രിയയെ അവശനിലയില്‍ പിടികൂടിയ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.

എല്‍.ടി.ടി.ഇ അനുകൂല വാര്‍ത്താ ചാനലിലെ അവതാരകയായിരുന്ന സുപ്രിയ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്നായിരുന്നു ലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ യാതൊരു പരിക്കുകളുമില്ലാതെ സുപ്രിയ സൈന്യത്തിന്റെ പിടിയിലാകുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സുപ്രിയ എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകളാണ് എന്നു കരുതിയായിരുന്നു സൈന്യം പിടികൂടിയത്.

തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ പ്രഭാകരന്റെ മകളല്ലെന്ന് സുപ്രിയ ആവര്‍ത്തിച്ച് പറയുന്ന രംഗം ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇതോടെ ഏറ്റുമുട്ടലിലാണ് സുപ്രിയ മരിച്ചതെന്ന ലങ്കന്‍ സൈന്യത്തിന്റെ നുണയാണ് പൊളിയുന്നത്.

ശ്രീലങ്കന്‍ സൈന്യത്തിന്റെ കുറ്റകൃത്യങ്ങളുടെ നീണ്ട നിര മഹിന്ദ രജപക്‌സെയുടെ ഭരണത്തെ പ്രതിരോധത്തിലാക്കുകയാണ്.

ശ്രീലങ്കയില്‍ തമിഴ് വംശജരോടുള്ള വിവേചനം കൂടുകയാണെന്നും അതിനാല്‍ നവംബര്‍ 15ന് തുടങ്ങുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു.