| Thursday, 15th March 2012, 9:55 am

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ മാത്യൂസ് ഏഷ്യാകപ്പില്‍ കളിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് ഏഷ്യാ കപ്പ് മത്സരത്തില്‍ കളിക്കില്ല. മത്സരത്തിനിടെ കാലിനേറ്റ പരുക്കു ഭേദമാകാത്തതിനെ തുടര്‍ന്നു മാത്യൂസ് നാട്ടിലേക്കു മടങ്ങുകയായിരുന്നു. പാകിസ്താനെതിരെ ഇന്നു നടക്കുന്ന മത്സരത്തില്‍ മാത്യൂസ് ഇല്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ഇത് ടീമിന് തിരിച്ചടിയാകുമെന്നാണ് അറിയുന്നത്.

പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലുകളിലും മാത്യൂസ് കളിച്ചില്ല. ഇംഗ്ലണ്ടിനെതിരേ നടക്കാരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് മാത്യൂസിന്റെ പരുക്കു ഭേദമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെ പറഞ്ഞു.

ടീമില്‍ പാര്‍ട്ട് ടൈം ബൗളര്‍മാരില്ലാത്തതും ലങ്ക നേരിടുന്ന പ്രശ്‌നമാണ്. ഇന്ത്യക്കെതിരേ നടന്ന മത്സരത്തില്‍ ഓഫ് സ്പിന്നര്‍ തിലകരത്‌നെ ദില്‍ഷന് 10 ഓവറും പൂര്‍ത്തിയാക്കേണ്ടി വന്നു. ബൗളിംഗ് ഓള്‍റൗണ്ടര്‍ ഷാമിന്ദ ഇറംഗയെ മാത്യൂസിനു പകരം തെരഞ്ഞെടുത്തതായി ലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അശാന്ത ഡി മെല്‍ പറഞ്ഞു. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ തിസാര പെരേര കളിക്കാനില്ലാത്തതും ലങ്കയ്ക്കു പ്രതിസന്ധിയാണ്.

ഇന്ത്യയോട് 50 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണു ലങ്ക കളിക്കാനിറങ്ങുന്നത്. ഇന്നത്തെ മത്സരവും തോല്‍ക്കുന്നതു ലങ്കയുടെ കിരീട സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കും. ബംഗ്ലാദേശിനെതിരേ പാകിസ്താന്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നത് ലങ്കയ്ക്ക് ആശ്വാസമാണ്.

Malayalam news

Kerala news in English 

Latest Stories

We use cookies to give you the best possible experience. Learn more