Daily News
വിജയം ഉറപ്പിച്ച് താരം സ്റ്റമ്പും പറിച്ച് ഓടി, അമളി മനസ്സിലായത് പിന്നെ ; നാണം കെട്ട് ശ്രീലങ്ക (വീഡിയോ കാണാം )
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 26, 11:48 am
Thursday, 26th January 2017, 5:18 pm
വീഡിയോയില്‍ നിന്നും

വീഡിയോയില്‍ നിന്നും

കേപ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി-20 പരമ്പര 2-1 ന് സ്വന്തമാക്കിയെങ്കിലും നാണം കെട്ടാണ് ശ്രീലങ്ക കേപ്പ് ടൗണില്‍ നിന്നും മടങ്ങിയത്. 20 ഓവറില്‍ 170 എന്ന ലക്ഷ്യവുമായി ഇറങ്ങി തല്ലിത്തകര്‍ത്ത് വിജയം സ്വന്തമാക്കിയിട്ടും അസെല ഗുണരത്‌നെയുടെ മണ്ടത്തരത്തിന്റെ പേരിലായിരിക്കും ഈ മത്സരം ഓര്‍ത്തുവെയ്ക്കപെടുക.

അവസാന ഓവറില്‍ ലങ്കന്‍ ടീമിന് വിജയ്ക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ആദ്യ പന്തുതന്നെ ഫൈന്‍ ലെഗിലേക്ക് പായിച്ച് ഗുണരത്‌ന ബൗണ്ടറി നേടി. തൊട്ടടുത്ത രണ്ട് പന്തുകളില്‍ ഡബിളോടി ലക്ഷ്യവുമായി കൂടുതല്‍ അടുത്തു. തൊട്ടടുത്ത പന്തിനെ കീപ്പറുടെ മുകളിലൂടെ ബൗണ്ടറി പായിച്ച് വീണ്ടുമൊരു ഫോര്‍. പന്ത് ബൗണ്ടറി കടക്കുന്നതിന് മുമ്പ് തന്നെ താരം സ്റ്റമ്പ് ഊരിയെടുത്ത് വിജയം ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ സഹതാരങ്ങളും ഗ്യാലറിയുമെല്ലാം അമ്പരപ്പോടേയും ചിരിയോടെയുമാണ് ഗുണരത്‌നെയെ നോക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മുഖത്തും ചിരി. ഇതെന്താപ്പാ സംഭവിച്ചതെന്ന് ചിന്തിച്ച് ഗുണരത്‌നെ തല പുകയ്ക്കുന്നതിനിടെ കൂട്ടാളിയായ സെകൂഗെ പ്രസന്ന അരികിലെത്തി. അപ്പോഴാണ് തനിക്ക് പറ്റിയ അമളി ഗുണരത്‌നെയ്ക്ക് മനസ്സിലായത്. വിജയലക്ഷ്യം ശ്രീലങ്ക മറികടന്നിരുന്നില്ല. ജയിക്കാന്‍ ഇനിയും വേണം ഒരു റണ്‍സ്.


Also Read എന്തൊരു വിരോധാഭാസമാണിത് കേദാര്‍ എവിടെ ? ഏകദിന പരമ്പരയിലെ മികച്ച താരമില്ലാതെ ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം


നാണക്കേടായെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി ഗുണരത്‌നെ ടീമിനെ കരകയറ്റി. 2016 ട്വന്റി-20 ലോകകപ്പിനിടെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹീമും ഇതുപോലൊരു ആഘോഷം നടത്തിയിരുന്നു. അന്ന് കൈയിലെത്തിയ വിജയം കൈവിട്ട ബംഗ്ലാദേശിന്റെ വിധി എന്തായാലും ശ്രീലങ്കയ്ക്കുണ്ടായില്ല.