ലങ്കൻപട വരുന്നു ഇന്ത്യൻ മണ്ണിലേക്ക് ;2011 ലെ കണക്ക് തീർക്കാൻ
2023 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള 15 അംഗ ശ്രീലങ്ക ടീമിനെ പ്രഖ്യാപിച്ചു.
താരങ്ങൾ പരിക്കിന്റെ പിടിയിലായികൊണ്ട് ടീം സമ്മർദങ്ങൾ നേരിട്ടിരുന്നെങ്കിലും ഒരുപിടി മികച്ച താരങ്ങളുമായാണ് ലങ്കൻ ടീം ഇന്ത്യൻ മണ്ണിലേക്ക് വിമാനം കയറുന്നത്.
ലങ്കൻ സ്പിൻ നിരയിലെ പ്രധാന താരങ്ങളായ വാനിന്ദോ ഹസരങ്ക, മഹേഷ് തീക്ഷണ , ദിൽഷൻ മധുശങ്ക എന്നിവരുടെ ഫിറ്റ്നസിൽ ആശങ്ക നിലനിൽക്കുന്നത് ടീമിന് തിരിച്ചടിയാണ്. എന്നാൽ താരങ്ങളുടെ ഫിറ്റ്നസ് അടിസ്ഥാനത്തിൽ അവർക്ക് അവസരം നൽകുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.
ബാക്ക് അപ്പ് താരങ്ങളായി ദുഷൻ ഹേമന്ത, ചാമിക കരുണരത്‌ന എന്നിവർ ടീമിൽ ഇടം നേടി.
ബാറ്റിങ് നിരയിൽ നായകൻ ദാസുൻ ഷനകയോടൊപ്പം പത്തും നിസ്സങ്ക, സധീര സമരവിക്രമ, ദിമുത് കരുണരത്നെ തുടങ്ങിയ താരങ്ങൾ കൂടി ചേരുമ്പോൾ ബാറ്റിങ് ശക്തമാവും എന്നതിൽ യാതൊരു സംശയവുമില്ല.
പേസ് നിരയിൽ ലഹിരു കുമാർ, ദുശാന്ത ചമീര, മതീഷ പതിരാന എന്നീ താരങ്ങൾ കരുത്തുകാട്ടുമെന്നുറപ്പാണ്. കൂടാതെ സ്പിൻ ഡിപ്പാർട്മെന്റിൽ ദുനിത് വെല്ലലഗെ കൂടിചേരുമ്പോൾ ടീം കൂടുതൽ ശക്തമാവും.
ലോകകപ്പിനുള്ള ശ്രീലങ്ക സ്‌ക്വാഡ്
ദാസുൻ ഷനക (ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, പാത്തും നിസ്സങ്ക, കുസാൽ ജനിത്, ദിമുത് കരുണരത്ന, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, സധീര സമരവിക്രമ, ദുനിത് വെല്ലലഗെ, കസുൻ രജിത, മതീശ പതിരാന, ലാഹിരു കുമാര, ലാഹിരു കുമാര, മഹീഷ് തീക്ഷണ, ദിൽഷൻ മധുശങ്ക.
ഒരു ഐ.സി.സി ലോകകപ്പ് മാത്രമാണ് ലങ്കയുടെ പേരിലുള്ളത്. 1996 ലാണ് ലങ്ക ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്. 2007, 2011 ലോകകപ്പുകളിൽ ശ്രീലങ്ക ഫൈനലിൽ എത്തിയിരുന്നു. നിർഭാഗ്യം മൂലം രണ്ട് ഫൈനലുകളിലും ശ്രീലങ്ക കാലിടറി. കഴിഞ്ഞ ലോകകപ്പിൽ ലങ്കയ്ക്ക് സെമിയിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. മറ്റൊരു ലോകകപ്പ് കൂടി മുന്നിൽ വന്ന് നിൽക്കുമ്പോൾ രണ്ടാം ലോകകിരീടമാണ് ലങ്കൻപട ലക്ഷ്യം വെക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 29ന് ബംഗ്ലാദേശിനെതിരെയും ഒക്ടോബർ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെയും ശ്രീലങ്ക സന്നാഹമത്സരം കളിക്കും. ഒക്ടോബർ 7ന് സൗത്ത് ആഫ്രിക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.
Content Highlight: Sreelanka announced the squad for ICC Worldcup 2023.