| Wednesday, 30th September 2020, 12:51 pm

'എന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത'; ശ്രീലക്ഷ്മി അറയ്ക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന യൂട്യൂബര്‍ക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആക്റ്റിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കല്‍. ഇത്രയും നാളും തന്റെ പോസ്റ്റുകളുടെ അടിയില്‍ വന്ന് ശരീരഭാഗങ്ങളെപ്പറ്റി വൃത്തികേട് പറഞ്ഞപ്പോള്‍ എവിടെയായിരുന്നു മാനവികതയെന്നാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

മാനവികതയില്ലാത്ത പ്രവര്‍ത്തിയാണ് തങ്ങള്‍ ചെയ്തതെന്ന് കുറച്ചുപേര്‍ വിമര്‍ശനം ഉന്നയിക്കുന്നതായി ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അത്തരക്കാര്‍ക്കുള്ള മറുപടി എന്ന രൂപേണയാണ് ശ്രീലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ ഫോണ്‍നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ പ്രചരിച്ചപ്പോഴും ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചപ്പോഴും എവിടെ ആയിരുന്നു നിങ്ങളുടെ മാനവികതയെന്നും അതെന്ത് നീതിയാണെന്നും പോസ്റ്റില്‍ ശ്രീലക്ഷ്മി ചോദിക്കുന്നു.

സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട് മെന്റല്‍ ട്രോമയില്‍ കഴിഞ്ഞിട്ടുള്ളതിനെക്കുറിച്ചും ശ്രീലക്ഷ്മി പറയുന്നു.

അശ്ലീല വീഡിയോകള്‍ ചെയ്യുന്ന യൂട്യൂബര്‍ വിജയ് പി നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും അയാളെ കൈകാര്യം ചെയ്തത്.

ശ്രീലക്ഷ്മി അറയ്ക്കലിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ തുടങ്ങിയവരും പ്രതികരിച്ചവര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികരിച്ചതിന് ശേഷവും ആളുകള്‍ തങ്ങളെ സാമൂഹമാധ്യമങ്ങളിലൂടെ അക്രമിക്കുന്നതായി ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തേ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയില്‍ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? കളി തരുമോ ? സൈസ് എത്രയാ ? എന്റെ സാധനം വലുതാണ് ഞാന്‍ വരാം, റേറ്റ് എത്രയാ ?
മുല തൂങ്ങിയല്ലോ? തുള വലുതാണല്ലോ ? നന്നായി ഫ്‌ലൂട്ട് വായിക്കാന്‍ അറിയാമല്ലോ എന്നൊക്കെ ചോദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?

ഇന്നീ മാനവികതക്കും വയലന്‍സിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാന്‍ കണ്ടില്ലല്ലോ? എന്റെ ഫോണ്‍നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? അതെന്ത് നീതിയാണ്?

എത്ര എത്ര ദിവസം ഉറങ്ങാന്‍ പറ്റാതെ വയലന്‍സിന് ഇരയായി മെന്റല്‍ ട്രോമയില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ? നഗ്‌നവീഡിയോ പ്രചരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം നിങ്ങള്‍ക്കറിയുമോ? വഴിയിലൂടെ നടക്കുമ്പോളും ബസില്‍ പോകുമ്പോളും ഒക്കെ ആള്‍ക്കാര്‍ നമ്മളേ നോക്കുമ്പോള്‍ ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത?

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. നഗ്‌നവീഡിയോ പ്രചരിച്ച അന്ന് ഞാന്‍ കിഴക്കേകോട്ടയില്‍ നിന്ന് കമലേശ്വരത്ത് ട്യൂഷന്‍ എടുക്കാന്‍ പോകുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ഓര്‍മയില്ലാതെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് ആ കണ്ടക്ടറും ആ ബസിലുളള ആള്‍ക്കാരും എന്നേ വിളിക്കാത്ത ചീത്തയില്ല.

ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല ഞാന്‍, സ്റ്റോപ്പ് എത്തീ ബസ് നിര്‍ത്തീ എന്ന് എനിക്ക് അങ്ങ് പെട്ടെന്ന് തോന്നി. ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതില്‍ തുറന്നു ഇറങ്ങാന്‍ പോയി ഞാന്‍. കണ്ടക്ടര്‍ പുറകീന്ന് വലിച്ച് അകത്തിട്ടില്ലെങ്കില്‍ ഇന്ന് ഈ എഴുതുന്ന ഞാന്‍ ഇല്ല.

ഒരു നിമിഷം കണ്ടകട്ര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ പിറ്റേദിവസം പത്രങ്ങളില്‍ തലക്കെട്ട് വന്നേനേ. യുവതിയുടെ നഗ്‌നവീഡിയോ പ്രചരിച്ചതില്‍ മനംനോന്ത് യുവതി ബസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍, ഇനിയും വേറൊരു പെണ്‍കുട്ടിക്ക് അങ്ങനെ സംഭവിച്ചാല്‍ ഇന്ന് ഈ മാനവികത ഉയര്‍ത്തുന്ന എല്ലാവരും പ്രതികരിക്കും എന്ന് വിശ്വസിക്കാന്‍ ഞാന്‍ മണ്ടി അല്ല.

അത്രയും വലിയ ട്രോമയില്‍ നിന്ന്’എന്റെ രണ്ട് തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്’ എന്ന് കൂള്‍ ആയിട്ട് പറയാന്‍ ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ്. കാരണം നാളെ ഒരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ ആ വാക്ക് കേള്‍ക്കുമ്പോള്‍ അവരെപോലെ വേറേയും ഇരയായ സ്ത്രീകളുണ്ടെന്നും അതിലൊന്നും അവര്‍ തളര്‍ന്നിട്ടില്ല എന്ന് ബോധിപ്പിക്കാന്‍ വേണ്ടിയും അങ്ങനെ അവരേ മെന്റലീ സപ്പോര്‍ട്ട് ചെയ്യാനൂം ബോധപൂര്‍വ്വം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് സംസാരിച്ചതാണ് ഞാന്‍.

അതും തമ്പ്‌നെയിലിട്ട് എന്നേ ട്രോളിക്കോണ്ട് കാശുണ്ടാക്കുന്ന കുറേ യൂഡ്യൂബ് ഊളകള്‍ ഉണ്ട്. അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉളളൂ. ഉളുപ്പും മുരുമയും ഉണ്ടെങ്കില്‍ മറ്റൊരാളെയും അയാളുടെ സ്വകാര്യതയേയും വിറ്റ് ജീവിക്കാതേ പോയി നയിച്ച് തിന്നെടാ ഊളകളേ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreelakshmi Arackals facebook post against cyber attackers

We use cookies to give you the best possible experience. Learn more