|

ബ്ലാസ്റ്റേഴ്‌സിലെ രണ്ട് താരങ്ങള്‍ ടീം വിടുന്നു; വാര്‍ത്ത പുറത്ത് വിട്ട് കെ.ബി.എഫ്.സി മീഡിയ ഡെസ്‌ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഒന്നിനു പിറകെ ഒന്നായി വാങ്ങിക്കൂട്ടിയ കടങ്ങളെല്ലാം പലിശയടക്കം തിരിച്ചുകൊടുത്ത് മുന്നേറുകയാണ് മഞ്ഞപ്പട. മുംബൈ സിറ്റി എഫ്.സിക്കെതിരെയും ചെന്നൈയിന്‍ എഫ്.സിക്കെതിരെയും മിന്നുന്ന പ്രകടനം പുറത്തെടുത്താണ് കൊമ്പന്മാര്‍ മുന്നേറുന്നത്.

ഇപ്പോഴിതാ തങ്ങളുടെ രണ്ട് സൂപ്പര്‍ താരങ്ങളെ ലോണില്‍ കൈമാറ്റം ചെയ്യാനൊരുങ്ങുകയാണ് കെ.ബി.എഫ്.സി. മലയാളി താരങ്ങളായ വി.എസ്. ശ്രീക്കുട്ടനേയും ഡിഫന്‍സിലെ വിശ്വസ്തന്‍ അബ്ദുള്‍ ഹക്കുവിനെയുമാണ് ടീം ലോണില്‍ അയക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മീഡിയ ഡെസ്‌ക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.

കേരളത്തിന്റെ തന്നെ മറ്റൊരു ടീമായ ഗോകുലം കേരള എഫ്.സിയിലേക്കാണ് താരങ്ങളുടെ കൂടുമാറ്റം. ഒരു സീസണ്‍ നീണ്ട കരാറിലാണ് ഇരുവരും തട്ടകം ഗോകുലത്തിലേക്ക് മാറ്റാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ റിസര്‍വ് ടീമിനായി മികച്ച പ്രകടനം നടത്തിയ ശ്രീക്കുട്ടന്‍, പുതിയ സീസണില്‍ പ്രീ സീസണ്‍ സ്‌ക്വാഡിന്റെ ഭാഗവുമായിരുന്നു. ആ സമയത്ത് സൗഹൃദ മത്സരങ്ങളിലും ഡ്യൂറന്റ് കപ്പിലും താരം ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കെ.ബി.എഫ്.സിയുടെ പ്രതിരോധ നിരയിലെ വിശ്വസ്തനാണ് ഹക്കു. ബ്ലാസ്റ്റേഴ്‌സിനായി 15 മത്സരങ്ങള്‍ കളിച്ച താരം ഈ സീസണിലും ടീമിനായി ബൂട്ടുകെട്ടിയിരുന്നു.

A Ray of Hope– THE REWIND - Kerala Blasters FC

‘ഗോകുലം എഫ്.സിയുമായി നമ്മള്‍ കരാറിലെത്തി. 2021/22 സീസണില്‍ കേരള ടീമിലെ രണ്ട് പേരെ ഗോകുലത്തിലേക്ക് ലോണായി അയക്കുകയാണ്.

ടീമിലെ റിസര്‍വ് ടീം വിംഗര്‍ ശ്രീകുട്ടന്‍ ആദ്യ-ടീം പ്രീസീസണിന്റെ ഭാഗമായിരുന്നെങ്കിലും ആദ്യ ഇലവനില്‍ ഇടം നേടാനായില്ല. താരത്തിന് ഈ സീസണില്‍ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയര്‍ ഫുട്ബോള്‍ മെച്ചപ്പെടുത്താനുമുള്ള മികച്ച അവസരമാണ് ഈ കൈമാറ്റം.

സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹക്കു പരിചയസമ്പന്നനായ കളിക്കാരനാണ്. അതുകൂടാതെ കരിയറിന്റെ ഈ ഘട്ടത്തില്‍ തീര്‍ച്ചയായും കളിക്കേണ്ട താരവുമാണ്.

ഞങ്ങളുടെ രണ്ട് താരങ്ങള്‍ക്കും ഗോകുലം എഫ്.സിയ്ക്കും അടുത്ത സീസണ്‍ ഐ. ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,’ ടീമിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായ കരോലിസ് സ്‌കിന്‍കിസ് പറയുന്നു.

ഡിസംബര്‍ 26നാണ് ഐ. ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 2021 സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 4-1ന് തകര്‍ത്താണ് കേരളം മലബാറിന്റെ മണ്ണിലേക്ക് ഐ.ലീഗ് കിരീടം കൊണ്ടുവന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SREEKUTTAN AND HAKKU JOINS GOKULAM KERALA ON LOAN