കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാ നടന്റെ കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും’ എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മ- അദ്ദേഹം ഫേസ്ബുക്കിലെഴുതി.
പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ’കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ‘ ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ‘ എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് ‘ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാര്‍വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി ‘മോഹിനിയാട്ടം ‘ എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.
നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.
ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.
ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞു.
അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.
അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.
നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Sreekumaran Thampi Supports Parvathy Thiruvoth