തിരുവനന്തപുരം: കേരളഗാനവുമായി ബന്ധപ്പെട്ട് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും കേരള സാഹിത്യ അക്കാദമിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനം ക്ളീഷേ ആയിരുന്നത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന് മറുപടിയായി തന്റെ ഗാനം ക്ലീഷേ അല്ലെന്നും അത് പോപ്പുലർ ആക്കി കാണിക്കും എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികൾ ക്ലീഷേ ആയതുകൊണ്ടാണെന്ന് കവി സച്ചിദാനന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സച്ചിദാനന്ദൻ പ്രതികാരം തീർക്കുകയാണെന്നും സ്വന്തം പേരിന്റെ അർത്ഥം പോലും അറിയാത്ത ആളാണ് അദ്ദേഹം എന്നും ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി.
പാട്ട് നിരാകരിച്ച കാര്യം അക്കാദമി അറിയിച്ചില്ലെന്നും പാട്ട് രണ്ടാമതും മാറ്റി എഴുതിയിരുന്നുവെന്നും അത് നന്നായെന്ന് സെക്രട്ടറി അബൂബക്കർ അറിയിച്ചതാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. തന്നെ അപമാനിക്കാൻ അബൂബക്കർ കൂട്ടുനിന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരുമായും അക്കാദമിയുമായും ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടപ്പോൾ ശ്രീകുമാരൻ തമ്പി അതിന് തയ്യാറായില്ലെന്ന് ആയിരുന്നു സച്ചിദാനന്ദന്റെ വാദം. ബി.കെ. ഹരിനാരായണന്റെ ഗാനമാണ് അക്കാദമി അംഗീകരിച്ചത്.
അതേസമയം അക്കാദമിക്ക് എതിരായി തുടർച്ചയായ വിവാദങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ ചില ശക്തികൾ ഉണ്ടോ എന്ന് സംശയിക്കുന്നതായി സച്ചിദാനന്ദൻ പറഞ്ഞു.
സാഹിത്യ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ മൂന്ന് മണിക്കൂർ സംസാരിച്ച തനിക്ക് 2400 രൂപയാണ് വിലയിട്ടതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആരോപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ചുള്ളിക്കാടിനെ പോലും തനിക്കും അക്കാദമിയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
തന്നോട് കേരളഗാനം തയ്യാറാക്കാൻ ആവശ്യപ്പെട്ട അക്കാദമി അത് നിരാകരിച്ച കാര്യം തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്ന് അദ്ദേഹം പറയുന്നു. 3000ത്തിലധികം പാട്ടുകൾ എഴുതിയ തനിക്ക് കെ.സി. അബൂബക്കർ എന്ന ഗദ്യ കവിയുടെ മുമ്പിൽ അപമാനിതനാകേണ്ടിവന്നുവെന്നും ഇതിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Sreekumaran Thampi says his song is not Cliche, will make it a popular one