ഹരിഹരനും താനും തമ്മിലുണ്ടായ അകല്‍ച്ച മലയാളസിനിമയ്ക്കും തങ്ങള്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് ശ്രീകുമാരന്‍തമ്പി. പി. ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിഹരന്റെ സിനിമയ്ക്കു വേണ്ടി താന്‍ ഇനി പാട്ട് എഴുതില്ല എന്നുവരെ തീരുമാനിച്ചിരുന്നുവെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി ആദ്യകാലത്ത് താന്‍ എഴുതിയിരുന്ന പാട്ടുകള്‍ കവിതകളാണെന്ന് പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ചപ്പോള്‍ പാട്ടുകള്‍ കൊള്ളാമെന്ന് പറഞ്ഞ ആദ്യയാളായിരുന്നു ഹരിഹരന്‍ എന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
ഹരിഹരനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം താന്‍ തന്നെയാണെന്നും വേദിയില്‍ വെച്ച് അദ്ദേഹം പറഞ്ഞു. പിണങ്ങിയ സമയത്ത് താന്‍ ജയിക്കാനായ് ജനിച്ചവന്‍ എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ ഹരിഹരന്‍ തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല എന്ന പേരില്‍ സിനിമയെടുത്ത് തന്നെ ഞെട്ടിച്ചുവെന്നും തമ്പി കൂട്ടിച്ചേര്‍ത്തു.
ഓരോ തിരക്കഥയും സൂക്ഷ്മതയോടെ പഠിച്ച് കൈകാര്യം ചെയ്യുന്നതും സ്വയം തിരുത്തി മുന്നോട്ട് പോവുന്നതും ഹരിഹരന് മലയാളസിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.