കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. ഗൗരിയുടെ കൊലപാതകം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ആശയത്തെ ആശയം കൊണ്ട് നേരിടണമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ഗൗരി ലങ്കേഷിന്റെ പിതാവായ ലങ്കേഷുമൊത്തുള്ള ഓര്‍മകളും പങ്കുവച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
താന്‍ സംവിധാനം ചെയ്ത സിനിമയും ഗൗരിയുടെ പിതാവ് ലങ്കേഷ് സംവിധാനം ചെയ്ത കന്നഡ ചിത്രവും ദേശീയ അവാര്‍ഡിനായി പരിഗണിച്ചതും രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഇരു ചിത്രങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചതും അദ്ദേഹം ഓര്‍ക്കുന്നു.
കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം, ഗൗരിയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. വേണമെങ്കില്‍ കേസ് സി.ബി.ഐയ്ക്ക് വിടുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രശസ്തപത്രപ്രവര്‍ത്തകയുംഎഴുത്തുകാരിയും പുരോഗമനവാദിയും സ്ത്രീ സ്വയം സ്വതന്ത്രയാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭാശാലിനിയുമായ ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണ് . ചലച്ചിത്ര സംവിധായകര്‍ എന്ന നിലയില്‍ ഞാനും ലങ്കേഷും പരിചയക്കാരായിരുന്നു, 1976 ലാണ് ഞാന്‍ മോഹിനിയാട്ടവും ലങ്കേഷ് പല്ലവി എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തത് . ദേശീയ പുരസ്‌കാര മത്സരത്തില്‍ ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം പല്ലവിക്കും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം മോഹിനിയാട്ടത്തിനും ലഭിച്ചു. ഗൗരി ലങ്കേഷ് ലങ്കേഷിന്റെ മൂത്ത മകളാണ്.
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്
കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല . കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….?.
“”കേഴുക പ്രിയ നാടേ ….””എന്നല്ലാതെ മറ്റെന്തു പറയാന്‍ ?