| Saturday, 28th January 2023, 2:13 pm

സനാതന ധര്‍മം അന്ധവിശ്വാസമെന്ന് പറയുന്നവന്‍ ശുദ്ധ വിവരദോഷി, അതിനപ്പുറം ഒരു സോഷ്യലിസലും കമ്മ്യൂണിസവുമില്ല; ഹിന്ദു കോണ്‍ക്ലേവില്‍ ശ്രീകുമാരന്‍ തമ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സനാതന ധര്‍മം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണമെന്ന കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് പരിപാടിക്കിടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലോകാസമസ്താ സുഖിനോ ഭവന്തു എന്നതിലപ്പുറം ഒരു സോഷ്യലിസലും കമ്മ്യൂണിസവുമില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കവി മധുസൂദനന്‍ നായര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരെ വേദിയിലിരുത്തിയാണ് ശ്രീകുമാരന്‍ തമ്പി കവി സച്ചിദാനന്ദന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

‘ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സ്വയം പ്രഖ്യാപിത കവിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബോയ്‌കോട്ട് ചെയ്യണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

അങ്ങനെയാണെങ്കില്‍ എന്റെയും മധുസൂദനന്‍ നായരുടെയും സ്ഥിതി വല്ലാത്ത കഷ്ടത്തിലാവും. ഏതായാലും ഞങ്ങള്‍ക്ക് ഞങ്ങളെ ബോയ്‌കോട്ട് ചെയ്യാന്‍ കഴിയില്ലല്ലോ, ഞങ്ങള്‍ക്ക് സ്വയം പാടാനല്ലേ പറ്റൂ.

ഒരു കാര്യം ഞാന്‍ പറയാം സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞാല്‍ അവന്‍ ശുദ്ധ വിവരദോഷിയാണ്. അതെത്ര വലിയ കവിതയെഴുതിയാലും.

കാരണം ലോകാസമസ്താ സുഖിനോ ഭവന്തു എന്നതിലപ്പുറം ഒരു സോഷ്യലിസലും കമ്മ്യൂണിസവുമില്ല,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘കേരള ഹിന്ദൂസ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന സംഘടനയുടെ ഒരു ഹിന്ദു കോണ്‍ക്ലേവ് 2023 എന്ന പരിപാടിയുടെ ബ്രോഷറില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും സംഘപരിവാര്‍ നേതാക്കള്‍ക്കും അനുഭാവികള്‍ക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യ പ്രതിഭകളുടെ പേരും പടവും പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.

തങ്ങളുടെ ചിത്രം അനുവാദമില്ലാതെ പരിപാടിയുടെ ബ്രോഷറില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കവി പ്രഭാ വര്‍മയും, അശോകന്‍ ചരുവിലുമടക്കം രംഗത്തെത്തിയിരുന്നു.

Content Highlight: Sreekumaran Thampi About Sanathana Dharma in Hindu Conclave

We use cookies to give you the best possible experience. Learn more