| Friday, 12th May 2023, 11:54 pm

പണ്ടത്തെ സൗണ്ട് എഞ്ചിനീയേഴ്‌സിന്റെ പാദം കഴുകിക്കുടിക്കാന്‍ യോഗ്യതയുള്ളവര്‍ ഇപ്പോഴില്ല: ശ്രീകുമാരന്‍ തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ടത്തെ സൗണ്ട് എഞ്ചിനിയേഴ്‌സിന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍ യോഗ്യത ഉള്ള ഒരു സൗണ്ട് എഞ്ചിനീയറും ഇന്ന് ജീവിച്ചിരിക്കുന്നില്ലെന്ന് സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. കേരളടുഡേ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പാട്ടെഴുതാന്‍ തുടങ്ങുമ്പോള്‍ സിംഗിള്‍ ട്രാക്ക് റെക്കോര്‍ഡിങ്ങായിരുന്നു. കാട്ടുമല്ലിക എന്ന എന്റെ ആദ്യ പടത്തില്‍ ഒരു മൈക്കും ഒരു കേബിളുമാണുണ്ടായിരുന്നത്. മൈക്കില്‍ നിന്ന് ഒരു കേബിള്‍ മിക്‌സറിലേക്കും പോകുന്നു. ഗായകന്‍, ഡ്യുവറ്റാണെങ്കില്‍ ഗായകനും ഗായികയും, തബല, വയലിന്‍, ഫ്‌ളൂട്ട് എല്ലാത്തിനും ഒരു മൈക്കാണ് ഉണ്ടാകുക. ഗായകന്റെ ശബ്ദത്തിനും ഇത്രയും ഓര്‍ക്കസ്ട്രക്കും കൂടി ഒറ്റ മൈക്കാണ് ഉണ്ടാകുക.

ഇന്ന് ആ പാട്ട് കേള്‍ക്കുമ്പോള്‍ അതിലെ ഫ്‌ളൂട്ട് നമുക്ക് തിരിച്ചറിയാം. തബല വ്യക്തമായി തിരിച്ചറിയാം. ഒരു ചെറിയ മാന്‍ഡില്‍ ഉണ്ടെങ്കില്‍ അതും നമുക്ക് വ്യക്തമായി തിരിച്ചറിയാം. അതാണ് സൗണ്ട് എഞ്ചിനീയര്‍. അന്നത്തെ സൗണ്ട് എഞ്ചിനീയേഴ്‌സിന്റെ പാദം കഴുകിക്കുടിക്കാനുള്ള ഒരു സൗണ്ട് എഞ്ചിനീയറും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ഇന്നവര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റില്ല ഇങ്ങനെയൊരു റെക്കോര്‍ഡിങ്. ഇങ്ങനെ റെക്കോര്‍ഡ് ചെയ്തിട്ട്, ഓരോ ഉപകരണത്തിലെയും ശബ്ദം വ്യക്തമായി കേള്‍പ്പിക്കുന്നു.

1967ല്‍ ഹൃദയസരസിലെ പ്രണയ പുഷ്പമേ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് ഏഴ് ഓര്‍ക്കസ്ട്രയുണ്ടായിരുന്നു. അന്ന് രണ്ട് ട്രാക്കായിട്ടുണ്ട്. വോയ്‌സ് ട്രാക്ക് ഒന്ന്, ഓര്‍ക്കസ്ട്രക്ക് എല്ലാത്തിനും കൂടി ഒരു ട്രാക്ക്. ആ പാട്ട് ഇന്ന് കേട്ടുനോക്കണം, ഓരോ ഉപകരണങ്ങളും എത്രമനോഹരമായാണ് കേള്‍ക്കുന്നത്. അത് കണ്ണന്‍ എന്ന് പറഞ്ഞ് റെക്കോര്‍ഡിസ്റ്റായിരുന്നു, കാട്ടുമല്ലിക ചെയ്തത് ജീവ എന്ന റെക്കോര്‍ഡിസ്റ്റായിരുന്നു. അവരെല്ലാം ഗ്രേറ്റ് പ്രൊഫഷണല്‍സായിരുന്നു. ഇന്ന് എല്ലാം ടെക്‌നോളജിയുടെ സഹായത്തോടെയല്ലേ, ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടറല്ലേ,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

CONTENT HIGHLIGHTS: Sreekumaran Thambi talks about the difference between sound engineers of yesteryear and today

We use cookies to give you the best possible experience. Learn more