|

ആ നടനെ ഹാസ്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഞാന്‍ ചെയ്ത നന്മ: ശ്രീകുമാരന്‍ തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. ജഗതിയെ ഹാസ്യത്തിലേക്ക് തിരിച്ച് വിട്ടു എന്നതാണ് താന്‍ ചെയ്ത നന്മയെന്ന വിശ്വസിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മികച്ച ഹാസ്യനടന് സീരിയസ് വേഷങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുമെന്നും ഹിന്ദിയിലെ മെഹമുദ്, തമിഴിലെ ചന്ദ്രബാബു, നാഗേഷ്, മലയാളത്തിലെ അടൂര്‍ ഭാസി തുടങ്ങിയവരെല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ ആണെന്നും അദ്ദേഹം പറയുന്നു.

ജഗതി ശ്രീകുമാറിന് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഹാസ്യാഭിനയിത്തില്‍ ശോഭിക്കുമെന്നും മനസിലാക്കിയത് തന്റെ മക്കളില്‍ നിന്നാണെന്നും ജഗതി കാണിക്കുന്ന ഭാവങ്ങള്‍ കണ്ട് തന്റെ മക്കള്‍ പൊട്ടിച്ചിരിക്കുമായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

‘അമ്പിളി എന്ന ശ്രീകുമാറിനെ ഹാസ്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഞാന്‍ ചെയ്ത നന്മ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു മികച്ച ഹാസ്യനടന് സീരിയസ് വേഷങ്ങളും അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കും. ഹിന്ദിയിലെ മെഹമുദ്, തമിഴിലെ ചന്ദ്രബാബു, നാഗേഷ്, മലയാളത്തിലെ അടൂര്‍ ഭാസി തുടങ്ങിയവരെല്ലാം തന്നെ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

അമ്പിളിക്ക് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഹാസ്യാഭിനയിത്തില്‍ അയാള്‍ ശോഭിക്കുമെന്നും ഞാന്‍ മനസിലാക്കിയത് എന്റെ മക്കളില്‍ നിന്നാണ്.

അമ്പിളി എന്റെ മദ്രാസിലെ വീട്ടില്‍ പതിവ് സന്ദര്‍ശകനാകുന്ന കാലത്ത് എന്റെ മകള്‍ കവിതയ്ക്ക് മൂന്നും എന്റെ മകന്‍ കണ്ണന് രണ്ടും വയസായിരുന്നു പ്രായം.

അമ്പിളി കാണിക്കുന്ന വിവിധ ഭാവങ്ങള്‍ കണ്ട് എന്റെ കുട്ടികള്‍ പൊട്ടിച്ചിരിക്കും. അമ്പിളിയുടെ വരവിനായി അവര്‍ കാത്തിരിക്കും. അയാള്‍ ബസിറങ്ങി നടന്നുവരുമ്പോള്‍ രണ്ടുപേരും ജനാലയുടെ ഗ്രില്ലില്‍ കയറിനിന്ന് ആഹ്‌ളാദം പ്രകടിപ്പിക്കും. അമ്പിളിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിവുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് അങ്ങനെയാണ്. എന്നാല്‍ ഹാസ്യനടന്‍ ആകുന്നതിനോട് അന്നത്തെ അമ്പിളിക്ക് യോജിപ്പുണ്ടായിരുന്നില്ല,’ ശ്രീകുമാരന്‍ തമ്പി പറയുന്നു.

Content Highlight: Sreekumaran Thambi talks about Jagathy Sreekumar