മുസ്‌ലിങ്ങൾക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് കവിതയെഴുതിയ ആളാണ് സച്ചിദാനന്ദൻ; കുഞ്ഞാലിക്കുട്ടിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്നില്ലേ?: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കെ. സച്ചിദാനന്ദനെതിരെ വിമര്‍ശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മുസ്‌ലിങ്ങൾക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന് കവിത എഴുതിയ ആളാണ് സച്ചിദാനന്ദനെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നില്ലേയെന്ന് ശ്രീകുമാരന്‍ തമ്പി ചോദ്യമുയർത്തി. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരന്‍ തമ്പിയും കേരള സാഹിത്യ അക്കാദമിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിമർശനം.
സച്ചിദാനന്ദന്റെ കവിത വായിച്ചപ്പോള്‍ തനിക്ക് ആദ്യം ഓര്‍മ വന്ന മുഖം കുഞ്ഞാലിക്കുട്ടിയുടേതാണെന്നും അദ്ദേഹത്തിന് കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലേയെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് ചോദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷമുള്ള ഷാര്‍ജയില്‍ പോയിട്ടും സച്ചിദാനന്ദന്‍ വേദിയില്‍ ചൊല്ലിയത് ഇതേ കവിതയാണെന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുമായും കേരള സാഹിത്യ അക്കാദമിയുമായും ഇനി സഹകരിക്കില്ലെന്നും താനൊരു സ്‌ട്രെയ്റ്റ് ആയിട്ടുള്ള ആളായതിനാല്‍ സച്ചിദാനന്ദന്റേത് പോലുള്ള വളഞ്ഞ വഴികള്‍ താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമയിയുടെ നിര്‍ദേശത്തോട് കൂടി ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനം ക്‌ളീഷേ ആയിരുന്നത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് മറുപടിയായി തന്റെ ഗാനം ക്ലീഷേ അല്ലെന്നും അത് പോപ്പുലര്‍ ആക്കി കാണിക്കും എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരസിച്ചത് അതിലെ വരികള്‍ ക്ലീഷേ ആയതുകൊണ്ടാണെന്ന് കവി സച്ചിദാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സച്ചിദാനന്ദന്‍ പ്രതികാരം തീര്‍ക്കുകയാണെന്നും സ്വന്തം പേരിന്റെ അര്‍ത്ഥം പോലും അറിയാത്ത ആളാണ് അദ്ദേഹം എന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.
Content Highlight: Sreekumaran Thambi stands against K. Sachidanandan’s poetry