പൃഥിരാജും നിവിന്‍ പോളിയും തനിക്ക് ഡേറ്റ് തരാറില്ല; സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണ് പുതിയ താരങ്ങളെന്നും ശ്രീകുമാരന്‍ തമ്പി
മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ഗാനരചയിതാവും സംവിധായകനും നിര്‍മാതാവുമെല്ലാമാണ് ശ്രീകുമാരന്‍ തമ്പി. പുതിയ കാലത്തെ സിനിമയെക്കുറിച്ച് മനസ്സു തുറക്കുന്ന കൂട്ടത്തില്‍ യുവതാരങ്ങളെ വിമര്‍ശിക്കുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.
സിനിമയിലെ പുതിയ സൂപ്പര്‍ താരങ്ങള്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണെന്നും ക്യാമറാ ആംഗിളുകള്‍ തീരുമാനിക്കുന്നവരാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. യുവനടന്‍മാരായ പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും തനിക്ക് ഡേറ്റ് തരാറില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ പറയുന്നു.
തന്റെ കഥാപാത്രങ്ങളിലൂടെ വലിയ നടന്‍മാരായി മാറിയ മോഹന്‍ലാലും മമ്മൂട്ടിയും തനിയ്ക്ക് ഡേറ്റ് തരാറില്ലെന്നും ഇതേ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അതേ രീതിയാണ് പുതിയ സൂപ്പര്‍താരങ്ങളും പിന്തുടരുന്നതെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.
സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം സിനിമയ്ക്കു തന്നെ നല്‍കുകയായിരുന്നു താനെന്നും തിരുവനന്തപുരത്ത് താമസിക്കുന്ന വീട് വാങ്ങിയത് സീരിയലില്‍ നിന്ന് കിട്ടിയ കാശ് കൊണ്ടാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ കുടുംബം ചെന്നൈയിലാണ് താമസം. തിരുവന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായെന്നും അങ്ങനെ ജീവിക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഒറ്റയ്ക്കുള്ള ജീവിതം എന്നെ മടുപ്പിക്കുന്നില്ല. സിനിമ വിട്ട് സീരിയല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നത്. പക്ഷേ ഭാര്യയ്ക്കും മക്കള്‍ക്കും ചെന്നൈയില്‍ നില്‍ക്കാനായിരുന്നു താത്പര്യം. എനിക്കാണെങ്കില്‍ നാട്ടില്‍ വന്നേ തീരൂ. അങ്ങനെ ഞാന്‍ തനിച്ച് തിരുവനന്തപുരത്തേക്ക് പോന്നു’, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക