ഞാന്‍ ക്യാരക്റ്റര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണ്; വലിയവരായപ്പോള്‍ തനിക്കവര്‍ കാള്‍ഷീറ്റ് നല്‍കിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി
Entertainment
ഞാന്‍ ക്യാരക്റ്റര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണ്; വലിയവരായപ്പോള്‍ തനിക്കവര്‍ കാള്‍ഷീറ്റ് നല്‍കിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th December 2020, 12:43 pm

തന്റെ സിനിമാ അനുഭവങ്ങളെയും ജീവിതത്തെയും കുറിച്ച് തുറന്നു പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സിനിമയുടെ ആര്‍ഭാടം തന്നെ ബാധിച്ചിട്ടില്ലെന്നും 20ാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ താന്‍ എവിടെ നില്‍ക്കുന്നോ അവിടെത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

താന്‍ ക്യാരക്റ്റര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്‍മാരാണെന്നും എന്നാല്‍ പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ തനിക്ക് കാള്‍ഷീറ്റ് നല്‍കിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. സിനിമയില്‍ വന്ന് 35ാമത്തെ വയസ്സില്‍ തന്നെ തനിക്ക് മൂന്നു കാറുണ്ടായിരുന്നുവെന്നും പിന്നീട് അതെല്ലാം വില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം സിനിമയ്ക്കു തന്നെ നല്‍കുകയായിരുന്നു താനെന്നും തിരുവനന്തപുരത്ത് താമസിക്കുന്ന വീട് വാങ്ങിയത് സീരിയലില്‍ നിന്ന് കിട്ടിയ കാശ് കൊണ്ടാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ കുടുംബം ചെന്നൈയിലാണ് താമസം. തിരുവന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമായെന്നും അങ്ങനെ ജീവിക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഒറ്റയ്ക്കുള്ള ജീവിതം എന്നെ മടുപ്പിക്കുന്നില്ല. സിനിമ വിട്ട് സീരിയല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നത്. പക്ഷേ ഭാര്യയ്ക്കും മക്കള്‍ക്കും ചെന്നൈയില്‍ നില്‍ക്കാനായിരുന്നു താത്പര്യം. എനിക്കാണെങ്കില്‍ നാട്ടില്‍ വന്നേ തീരൂ. അങ്ങനെ ഞാന്‍ തനിച്ച് തിരുവനന്തപുരത്തേക്ക് പോന്നു’, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreekumaran thambi shares experience about mammootty and mohanlal