| Sunday, 8th October 2023, 2:45 pm

'ഇതുവരെ വയലാര്‍ അവാര്‍ഡ് തരാതിരുന്നത് മനപ്പൂര്‍വം, 'അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിച്ചിട്ട് കൊടുക്കാ'മെന്നാണ് ഒരു മഹാകവി പറഞ്ഞത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഇതുവരെ വയലാര്‍ അവാര്‍ഡ് തരാതിരുന്നത് മനപ്പൂര്‍വമാണെന്ന് ശ്രീകുമാരന്‍ തമ്പി. മൂന്നാലു പ്രാവിശ്യം അവാര്‍ഡ് നല്‍കാമെന്ന് തീരുമാനിച്ചിട്ട് മാറ്റിവെച്ചിട്ടുണ്ടെന്നും ഇത് തുറന്ന് പറയാന്‍ മടിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ജീവിതം ഒരപു പെന്‍ഡുലം എന്ന ആത്മകഥക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എ.ആര്‍. രാജരാജവര്‍മയുടെ പുരസ്‌കാരം ഞാന്‍ വാങ്ങിക്കുന്ന സമയത്ത് തന്നെ ഈ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അനുഗ്രഹമാണ്. 31ാമത്തെ വയസില്‍ എഞ്ചിനിയറുടെ വീണക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് തീരുമാനിച്ചതാണ്. ഒരു മഹാകവിയാണ് പോയി വെട്ടിക്കളഞ്ഞത്. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിച്ചിട്ട് കൊടുക്കാം എന്ന് പറഞ്ഞു. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ അങ്ങേരെക്കാളും കൂടുതല്‍ പാട്ടുകള്‍ എഴുതി.

മനപ്പൂര്‍വം എനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ഡ്. ഇത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. മൂന്നാലു പ്രാവിശ്യം അവാര്‍ഡ് നല്‍കാമെന്ന് തീരുമാനിച്ചിട്ട് മാറ്റിവെച്ചിട്ടുണ്ട്. അമ്മക്ക് ഒരു താരാട്ട് എന്ന പുസ്തകത്തിന് അവാര്‍ഡുണ്ടെന്ന് വിളിച്ച് പറഞ്ഞു. അടുത്ത് ദിവസം വിളിച്ച് പറയുന്നത് ചെറിയ പ്രശ്‌നമുണ്ടായി അടുത്ത വര്‍ഷം ശ്രദ്ധിക്കാമെന്ന്. രവി ഡി.സിയോട് വിളിച്ച് പറഞ്ഞു ശ്രീകുമാരന്‍ തമ്പിയുടെ അമ്മക്ക് ഒരു താരാട്ടിനാണ് അവാര്‍ഡ് എന്ന്. പക്ഷേ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എന്റെ പേരല്ലായിരുന്നു. എന്നെങ്കിലും സത്യം വിജയിക്കും. കാലമാണ് എല്ലാം തീരുമാനിക്കുന്നത്,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Content Highlight: Sreekumaran Thambi said that the Vayalar award was not given to him yet on purpose

We use cookies to give you the best possible experience. Learn more