ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്.
തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.
ജയ്ഹിന്ദ് ചാനലിന് പരമ്പര നിര്‍മ്മിച്ച് നല്‍കിയ വകയില്‍ 26 ലക്ഷത്തിലേറെ രൂപ തനിക്ക് കിട്ടാനുള്ളതായി കെ ആര്‍ മീരയുമായുള്ള സംഭാഷണത്തില്‍(സമകാലിക മലയാളം) ശ്രീകുമാരന്‍ തമ്പി പറയുന്നു. വി എം സുധീരനും എം എം ഹസനും ഇത് കാണിച്ച് കത്തയച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
കെ.ആര്‍ മീര എഴുതിയ ലേഖനത്തില്‍ ശ്രീകുമാരന്‍ തമ്പി സുധീരനെഴുതി വെച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ലേഖനത്തിലെ കത്തില്‍ പറയുന്നത് ഇങ്ങനെ;
പ്രിയപ്പെട്ട വി.എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല.
വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്.
ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു.
കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.- കത്തില്‍ ശ്രീകുമാരന്‍ തമ്പി പറുന്നു.
കത്തിലെ വാക്യങ്ങള്‍ കേട്ട് താന്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ മുന്‍പില്‍ മരവിച്ചിരുന്നുപോയെന്നും നിസ്സഹായത മറക്കാന്‍ തമാശകേട്ടതുപോലെ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടെന്നും കെ.ആര്‍.മീര ലേഖനത്തില്‍ പറയുന്നുണ്ട്.
3000ത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും 20ഓളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത മലയാളിയാണ് അദ്ദേഹം.
കിട്ടാനുളള പണത്തിനുവേണ്ടി 75ാം വയസില്‍ യാചിക്കേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട് അങ്ങനെയല്ലാത്തവര്‍ക്ക് തോന്നുന്ന പകയാണ് ഏറ്റവും മാരകമെന്നും കെ.ആര്‍ മീര ലേഖനത്തില്‍ വ്യക്തമാക്കുന്നു.