| Friday, 11th November 2016, 10:46 am

ഫിലിം ഫെസ്റ്റുകളിലെ ജനത്തിരക്കിന് കാരണം വെട്ടിമാറ്റാത്ത ലൈംഗിക രംഗങ്ങള്‍ : ശ്രീകുമാരന്‍ തമ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വെട്ടിമാറ്റാത്ത ലൈംഗിക രംഗങ്ങള്‍ ഉണ്ടാകും എന്നത് തന്നെയാണ് അവിടെ കാണുന്ന ജന തിരക്കിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.


കുവൈത്ത് : ഫിലിം ഫെസ്റ്റുവലുകളില്‍ ഉണ്ടാകുന്ന ജനത്തിരക്കിരക്കിന് കാരണം നഗ്നതാ പ്രദര്‍ശനമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.

ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വെട്ടിമാറ്റാത്ത ലൈംഗിക രംഗങ്ങള്‍ ഉണ്ടാകും എന്നത് തന്നെയാണ് അവിടെ കാണുന്ന ജന തിരക്കിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ ഇത്തരം സിനിമകള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഫിലിം ഫെസ്റ്റുകളില്‍ 18നും 25നും ഇടയിലുള്ള യുവാക്കളാണ് ഭൂരിഭാഗവും എത്തുന്നത്. അവരാണ് ഇത്തരം സിനിമകള്‍ കൂടുതല്‍ കാണുന്നത്. എന്നാല്‍ അവിടെ സാമൂഹിക പ്രതിബദ്ധയുള്ള സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടാവുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

എന്നാല്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ സെക്‌സ് രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമായി ആരെങ്കിലും ഫിലിം ഫെസ്റ്റിവെല്ലുകളില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.

മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍.ബി.ടി.സി യുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

താന്‍ സിനിമയില്‍ കൊണ്ടുവന്ന താരങ്ങള്‍ പോലും തന്നെ തഴഞ്ഞെന്നും സൂപ്പര്‍ താരങ്ങളൊന്നും തനിക്ക് അവസരം തരുമെന്ന് കരുതുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി നേരത്തെ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സിനിമ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സംവിധായകനോ നിര്‍മാതാവോ അല്ലെന്നും മറിച്ച് താരങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഓരോ നായകനടനും തങ്ങളുടേതായ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്നും ഇങ്ങനെയായാല്‍ സിനിമ എവിടെയെത്തുമെന്ന് താന്‍ ആശങ്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more