മോളിവുഡിലെ കാരവാന്‍ സംസ്‌കാരത്തിനെതിരെ വിമര്‍ശവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. അടുത്ത കാലത്ത് നായകനായ യുവതാരത്തിന് പുതിയ കാരവാന്‍ ലഭിച്ചില്ല എന്നതാണ് പരാതിയായി തോന്നിയതെന്നും പഴയ കാലത്ത് പ്രേം നസീറിനെ പോലെയുള്ള താരങ്ങള്‍ കലുങ്കിന് മുകളിലാണ് വിശ്രമിച്ചിരുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ഇപ്പോഴത്തെ നടന്മാരുടെ പ്രതിഫലം നിര്‍മാണ ചെലവിന്റെ പകുതിയാണെന്നും പിന്നെ എങ്ങനെയാണ് മലയാള സിനിമ രക്ഷപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വെച്ച് നടന്ന പ്രേം നസീര്‍ അനുസ്മരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘അടുത്ത കാലത്ത് കുറച്ച് പടങ്ങളില്‍ അഭിനയിച്ച ഒരു കൊച്ചുകുട്ടി നായകനായി. പേര് ഞാന്‍ പറയുന്നില്ല. അവന്‍ പറഞ്ഞ പരാതി എന്താണെന്ന് അറിയുമോ? എനിക്ക് തന്ന കാരവന്‍ പഴയതാണ്, പുതിയ കാരവന്‍ തന്നില്ല, ഒരു ഷോട്ട് എടുത്തുകഴിഞ്ഞാല്‍ എ.സി. കാരവാനിലേക്ക് പോകും. പിന്നെ അടുത്ത് ഷോട്ടിനെ ഇറങ്ങി വരികയുള്ളൂ, പോയി വിളിക്കണം ഇപ്പോഴത്തെ നായകന്മാരെ.
പ്രൊഡക്ഷന്‍ കോസ്റ്റിന്റെ നേര്‍പകുതിയാണ് ഇന്നത്തെ നായകന്മാര്‍ മേടിക്കുന്നത്. എങ്ങനെ ഈ ഇന്‍ഡസ്ട്രി രക്ഷപ്പെടും. മുടക്കുമുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങുന്ന നായകനായിരുന്നു പ്രേം നസീര്‍. അദ്ദേഹത്തിന് നേര്‍പകുതി ചോദിക്കാമായിരുന്നു.
യൂട്യൂബില്‍ നിങ്ങള്‍ക്ക് ഒരു ചിത്രം കാണാന്‍ കഴിയും. നസീര്‍ സാര്‍ നായകനായ സിനിമ, എം. വിശ്വന്‍ സാര്‍ സംവിധാനം ചെയ്യുന്നു. ഷൂട്ടിനിടക്ക് അവര്‍ വിശ്രമിക്കുന്നത് ഒരു കലുങ്കിന് മുകളിലാണ്. പ്രേം നസീറും വിശ്വന്‍ സാറും അവിടെയാണ് കിടക്കുന്നത്,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Content Highlight: sreekumaran thambi against caravan culture