ദേശീയ അവാര്‍ഡ് ജൂറിയിലെ ഒരു കമ്മിറ്റി മാത്രമാണ് അന്ന് മമ്മൂട്ടിയെ പിന്തുണച്ചത്, മറ്റെല്ലാവരും മോഹന്‍ലാലിനൊപ്പം; എന്നാല്‍ ഒരു പാര്‍ട്ടിക്ക് ശേഷം എല്ലാം മാറി: ശ്രീകുമാരന്‍ തമ്പി
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിക്ക് തന്നോട് ശത്രുതയാണെന്നാണ് അദ്ദേഹം പറയുന്നു.
മോഹന്‍ലാലാണ് മികച്ച നടനെന്ന് പറഞ്ഞതാണ് മമ്മൂട്ടിയുടെ ഈ വിരോധത്തിന് കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിന് പിന്നില്‍ കെ.ജി. ജോര്‍ജിന്റെ സ്വാധീനമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞത്.
‘മോഹന്‍ലാലാണ് നല്ല നടനെന്ന് പറഞ്ഞതാണ് മമ്മൂട്ടി എന്നോട് ശത്രുത വെച്ച് പുലര്‍ത്താന്‍ കാരണം. ദേശീയ അവാര്‍ഡിനുള്ള ജൂറിയില്‍ ഞാനുണ്ടായിരുന്നു. ഒരു വടക്കന്‍ വീരഗാഥയും കിരീടവും മികച്ച നടനുള്ള അവസാന മത്സരത്തിനെത്തിയ വര്‍ഷം ഞാന്‍ ജൂറിയിലുണ്ട്. കെ.ജി. ജോര്‍ജും ഞാനും വ്യത്യസ്ത കമ്മിറ്റികളിലായിരുന്നു.
അന്നത്തെ നാല് കമ്മിറ്റികളില്‍ ഞാനംഗമായ കമ്മിറ്റിയടക്കം മൂന്നും മോഹന്‍ലാലാണ് മികച്ച നടനെന്ന് അഭിപ്രായപ്പെട്ടു. ജോര്‍ജ് നയിച്ച കമ്മിറ്റി മാത്രമാണ് മമ്മൂട്ടിക്ക് വേണ്ടി നിന്നത്. മമ്മൂട്ടിക്ക് വാക്ക് കൊടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് തോന്നുന്നു.
ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. പക്ഷെ, നോര്‍ത്തിലെയും ഈസ്റ്റിലെയും സംവിധായകരുമായി ജോര്‍ജിന് നല്ല ബന്ധമുണ്ടായിരുന്നു. അതിന് ശേഷം ഒരു പാര്‍ട്ടി നടന്നു. അതു കഴിഞ്ഞതോടെ ആറ് പേരുടെ മനസ് മാറി.
അടുത്ത ദിവസം വോട്ടിങ് നടന്നപ്പോള്‍ മമ്മൂട്ടിക്ക് 11 വോട്ട് കിട്ടി. മോഹന്‍ലാലിന് അഞ്ചും. ബാസു ഭട്ടചാര്യയും ഞാനും മോഹന്‍ലാലിന് വേണ്ടി വാദിച്ചു. മോഹന്‍ലാലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയായിരുന്നു.
എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ മോഹന്‍ലാലിനോട് മമതയോ ഇല്ല. ഞാന്‍ മൂന്നാമത് ജൂറി അംഗമായപ്പോള്‍ ഭരതം പരിഗണനക്ക് വന്നു. അടൂര്‍ ഗോപാലകൃഷണനായിരുന്നു ചെയര്‍മാന്‍. അദ്ദേഹം മമ്മൂട്ടി ഗ്രൂപ്പാണ്(ചിരിയോടെ). ഞാന്‍ മോഹന്‍ലാലിന് വേണ്ടി വാദിച്ചു. സൗമിത്ര ചാറ്റര്‍ജിയും മത്സരത്തിനുണ്ടായിരുന്നു.
ഇപ്രാവശ്യം ഞാന്‍ കാര്യങ്ങള്‍ തിരിച്ചു. മോഹന്‍ലാല്‍ മികച്ച നടനായി. സൗമിത്ര ചാറ്റര്‍ജിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. അതോടെ മമ്മൂട്ടിക്ക് എന്നോടുള്ള ശത്രുത കൂടി.
മോഹന്‍ലാല്‍ കാരണമാണ് എനിക്ക് എന്റെ വീട് നഷ്ടപ്പെടുന്നത്. എനിക്ക് പ്രതികാരം ചെയ്യണമായിരുന്നെങ്കില്‍ ഞാന്‍ ലാലിന് അവാര്‍ഡ് കൊടുക്കില്ലല്ലോ. ഇതില്‍ നിന്നും എന്റെ സ്വഭാവം നിങ്ങള്‍ക്ക് കാണാവുന്നതാണ്,’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Content Highlight: Sreekumaran Thambi about Mammootty and Mohanlal