ദുബായ്: ലോക സിനിമയില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് മോഹന്‍ലാല്‍ മാത്രമേയുള്ളുവെന്ന് രണ്ടാമൂഴത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഭീമന്റെ റോളില്‍ ലാല്‍ അല്ലായിരുന്നുവെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ താന്‍ എം.ടിയെ തിരിച്ചേല്‍പ്പിക്കുമായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞു.
എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന രണ്ടാമൂഴത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ലാലില്ലായിരുന്നെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഏറ്റെടുക്കില്ലായിരുന്നെന്ന് ശ്രീകുമാര്‍ പറയുന്നത്. ദുബായിയിലെ ഒരു എഫ്.എം ചാനലിനോട് സംസാരിക്കുകവേയാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.
ചിത്രത്തിന്റെ ഭാഗമായി താന്‍ കണ്ട ബോളിവുഡ് താരങ്ങള്‍ ലാലിനെ നായകനാക്കിയതിനുള്ള കാരണം ചോദിച്ചപ്പോള്‍ ലോക സിനിമയില്‍ ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം മാത്രമേയുള്ളുവെന്നാണ് താന്‍ പറഞ്ഞതെന്ന് ശ്രീകുമാര്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ഭീമസേനനായി ഉണ്ടെങ്കില്‍ മാത്രമേ താന്‍ ക്യാമറ ചലിപ്പിക്കൂ എന്നും ശ്രീകുമാര്‍ പറഞ്ഞു.
എം.ടിയെ വ്യക്തിപരമായ പരിചയം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ശ്രീകുമാര്‍ തന്റെ അച്ഛന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹമെന്നും അദ്ദേഹവും അച്ഛനും തമ്മില്‍ എഴുത്തുകുത്തുകളുമൊക്കെ ഉണ്ടാകുമായിരുന്നു. അദ്ദേഹം അച്ഛന് അയച്ച കത്തുകള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നതെന്നും പറഞ്ഞു.