തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പ് വെട്ടിപ്പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി ശീകൃഷ്ണ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍. കാണാന്‍ പാടില്ലാത്ത കാഴ്ചകളാണ് ബസ് സ്റ്റോപ്പില്‍ നടക്കുന്നതെന്നും മുഖംമൂടി വെച്ച് നടക്കാന്‍ പറ്റില്ലല്ലോ എന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം.
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പണിത ബസ് സ്റ്റാന്റില്‍ ജനങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലമുണ്ടാകാറില്ലെന്നും എപ്പോഴും വിദ്യാര്‍ത്ഥികളുണ്ടാകുമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
ബസ് സ്റ്റോപ്പ് നിര്‍മിച്ചപ്പോഴും ഇപ്പോഴും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചത്. ഇപ്പോഴും അത് തന്നെയാണ് ചെയ്തിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു നാട്ടുകാരുടെ പ്രതികരണം.
‘ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസോസിയഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ബസ് സ്റ്റോപ്പാണ്. അന്നും മൂന്ന് പേര്‍ക്ക് ഇരിക്കാമായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. അന്ന് ഇരിക്കാനുള്ള ബെഞ്ച് ഒരുമിച്ചായിരുന്നു. ഇപ്പോള്‍ അത് സെപ്പറേറ്റാക്കി. ഇവിടെ വേറെ ആരും ഇരിക്കേണ്ടെന്നോ നില്‍ക്കേണ്ടെന്നോ ആരും പറഞ്ഞിട്ടില്ല. 24 മണിക്കൂറും വിദ്യാര്‍ത്ഥികളാണ് ഇരിക്കുന്നത്. നാട്ടുകാര്‍ക്ക് വേണ്ടി പണിത സ്റ്റോപ്പില്‍ നാട്ടുകാര്‍ക്ക് ഇരിക്കാന്‍ പറ്റാറില്ല,’ നാട്ടുകാര്‍ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നാട്ടുകാരുടെ നടപടിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എന്നാല്‍ അത് ശരിയല്ലെന്നും, ജനങ്ങള്‍ക്കായാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്, കഴിഞ്ഞ വര്‍ഷം വരെ വിദ്യര്‍ത്ഥികളുമായി പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ രാത്രി 12 വരെ വിദ്യാര്‍ത്ഥികള്‍ ബസ് സ്‌റ്റോപ്പില്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഈ ബസ് സ്റ്റോപ്പുമായി നാട്ടുകാര്‍ക്ക് യാതൊരു ബന്ധവുമില്ല. അവര്‍ക്ക് വേണ്ടി കോളേജിന് മുമ്പില്‍ മറ്റൊരു ബസ് സ്റ്റോപ്പുണ്ട്. രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ട് വരെ ഈ ബസ് സ്റ്റോപ്പില്‍ വിദ്യര്‍ത്ഥികള്‍ ഉണ്ടാകാറുണ്ട്. ആണും പെണ്ണും.
മുഖം മൂടി ധരിച്ചൊന്നും നടക്കാന്‍ പറ്റില്ലല്ലോ. കാണാന്‍ പറ്റാത്ത കാഴ്ചകളാണ് ഇവിടെ കാണുന്നത്. നാട്ടുകാരില്‍ ആരോട് ചോദിച്ചാലും വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ബസ് സ്‌റ്റോപ്പില്‍ ഇരിക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും പറഞ്ഞുതരും,’ പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം എല്ലാം തെറ്റായ രീതിയിലൂടെ കാണുന്ന സമൂഹത്തിന്റെ ചിന്താഗതിയിലാണ് മാറ്റം വരുത്തേണ്ടതെന്ന് ഉമ മോതസ് എം.എല്‍.എ പ്രതികരിച്ചിരുന്നു.
ജന്‍ഡര്‍ ഇക്വാലിറ്റിയെയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ് പറഞ്ഞു. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സി.ഇ.ടി കോളേജിലെ സദാചാരവാദികളുടെ ആക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം.
സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കോളേജിന് മുന്നിലുള്ള വെയ്റ്റിങ് ഷെഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചിരുന്നു.
വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും അടുത്തടുത്ത് ഇരിക്കുന്നതില്‍ അസ്വസ്ഥരായ ചില കപടസദാചാരവാദികള്‍ ഇരിപ്പിടങ്ങള്‍ തകര്‍ത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാര്‍ഹമാണ്. എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
Content Highlight: Sreekrishna nagar residential association reacts to CET college bus stop demolition issue