| Monday, 9th January 2023, 6:06 pm

അരുണ്‍ കുമാര്‍ സ്വതന്ത്ര അധ്യാപകന്‍, അദ്ദേഹത്തോട് വിയോജിക്കുന്നു; പഴയിടം വിവാദത്തില്‍ ട്വന്റിഫോറിന് പങ്കില്ല: ശ്രീകണ്ഠന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ 24 ചാനലിന് ബന്ധമില്ലെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍. ഇതുസംബന്ധിച്ച് ചാനലിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഡോ. അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താനവയുമായി ചാനലിന് ഒരു ബന്ധവുമില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. 24 ടി.വിയിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അരുണ്‍ കുമാര്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയിലെ സ്വതന്ത്ര്യ അധ്യാപകനാണെന്നും അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ ശ്രീകണ്ഠന്‍ നായര്‍ അരുണിന്റെ അഭിപ്രായത്തോട് 24ന് വിയോജിപ്പാണെന്നും കൂട്ടിച്ചേര്‍ത്തു.

‘പഴയിടം നമ്പൂതിരിയുടെ വിവാദവുമായി ബന്ധപ്പെട്ട് പല ആളുകളും ചോദിക്കുന്നത് 24ന് ബന്ധമുണ്ടോ എന്നാണ്. ഡോ. അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യങ്ങള്‍. എന്നാല്‍ അതുമായി 24ന് ബന്ധമില്ല. അരുണ്‍ കുമാര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സ്വതന്ത്ര്യ അധ്യാപകനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തം പറയാന്‍ സ്വാതന്ത്ര്യമുണ്ട്.

പഴയിടം മോഹനന്‍ നമ്പൂതിരിയോട് ഇതുമായി ബന്ധപ്പെട്ട് അരുണ്‍ കുമാര്‍ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24ന്റെ അഭിപ്രായം. കാരണം ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാള്‍, ഇത്രയേറെ കുട്ടികള്‍ക്ക് ഭക്ഷണം വെച്ചുകൊടുത്ത ഒരാള്‍, കോഴിക്കോട് കലോത്സവം ഉള്‍പ്പെടെ വലിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പണിയെടുത്ത ഒരാളിനെ ഇങ്ങനെ വേദനപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങള്‍.

കുട്ടികള്‍ക്ക് ഏത് ഭക്ഷണം വിളമ്പണമെന്നത് ആത്യന്തികമായി തീരുമാനിക്കേണ്ടത് കുട്ടികള്‍ തന്നെയായിരിക്കണം. അതുകൊണ്ട് കുട്ടികളുടെ ഒരു സര്‍വെ നടത്തിയായിരിക്കണം അതിലൊരു തീരുമാനം എടുക്കേണ്ടത്.

24ന് വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന തലത്തില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണം നടക്കുന്നത്,’ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു പ്രതികരണം നടത്തിയ വ്യക്തിയായിരുന്നു അരുണ്‍ കുമാര്‍.

ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജായ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു അരുണ്‍ കുമാര്‍ പറഞ്ഞിരുന്നത്.

ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രസ്താവിച്ചിരുന്നു.

തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകുമെന്നുമാണ് പഴയിടം നമ്പൂതിരി പറഞ്ഞത്.

എന്നാല്‍, ഇതിന് മറുപടിയായി പഴയിടം ഇനിയും കലോത്സവ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ അരുണ്‍ കുമാര്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്പണമെന്ന തന്റെ നിലപാട് കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകയും ചെയ്തു.

പഴയിടം പോയി വരുന്ന മറ്റൊരാള്‍ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കില്‍ തന്റെ ചോദ്യം ആവര്‍ത്തിക്കുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

Content Highlight: Sreekanthan Nair says  24 Channel has nothing to do with the controversy related to pazhayidam mohanan namboothiri, who was in charge of food at the state school arts festival

We use cookies to give you the best possible experience. Learn more