കൊച്ചി: ഇടത്, കോണ്‍ഗ്രസ്, മുസ്‌ലിം സംഘടനകളുടെ മാധ്യമങ്ങളെ ഒഴിവാക്കി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍.
വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും അതില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. യോഗത്തെ ചിലര്‍ വിവാദമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 24 ന്യൂസിലൂടെ തന്നെയായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം.
എന്നാല്‍ ഇടത്, കോണ്‍ഗ്രസ്, മുസ്‌ലിം സംഘടനകളുടെ മാധ്യമങ്ങളെ എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ല
എന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.
‘കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. 10-30തോളം മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരോ, അതിന്റെ മുതലാളിമാരൊ ഒക്കെ ആ യോഗത്തില്‍ പങ്കെടുത്തു.
മലയാള മനോരമ, കേരള കൗമുദി, മാതൃഭൂമി, 24 തുടങ്ങി മിക്കവാറും എല്ലാം പത്രമാധ്യമങ്ങളും വാര്‍ത്താ ചാനലുകളും പങ്കെടുത്ത പരിപാടിയായിരുന്നു അത്.
പരസ്യമായി സംഘടിപ്പിച്ച യോഗമായിരുന്നു. അല്ലാതെ രഹസ്യമായി അല്ല നടന്നത്. ആ യോഗം ദുഷ്ടരീതിയില്‍ ചിലര്‍ പ്രചരിച്ചിക്കുകയാണ്.
എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. കേന്ദ്ര മന്ത്രി യോഗം വിളിച്ചത് കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹാരം ചെയ്യുവാനുമാണ്. അത്തരം കാര്യങ്ങള്‍ മാത്രമാണ് അവിടെ ചര്‍ച്ച ചെയ്തതും.
ഇന്ത്യയിലെ എല്ലാ വാര്‍ത്താ ചാനലുകളും പ്രവര്‍ത്തിക്കുന്നന്നത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാണ്. അതിന്റെ ലൈസന്‍സോടെയാണ്. ആ റെഗുലേഷന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കുണ്ട്. ആ സത്യം കൂടി ദുഷ്പ്രചരണങ്ങള്‍ അറിയുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,’ എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.
അതേസമയം, ചില മാധ്യമങ്ങളെ മാത്രം ഒഴിവാക്കിയുള്ള കേന്ദ്രമന്ത്രിയുടെ യോഗം വിമര്‍ശനത്തിനിരയാകുന്നുണ്ട്. മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായി എന്നായിരുന്നു വിഷയത്തില്‍ കെ.ടി. ജലീല്‍ പറഞ്ഞത്.