നടന്‍ സുരേഷ് ഗോപിയാണോ മോഹന്‍ലാലാണോ എന്നോര്‍മയില്ല, ഭക്ഷണം കഴിക്കുമ്പോള്‍ ടേബിളില്‍ വീഴുന്ന വറ്റടക്കം പെറുക്കി എടുത്തു കഴിക്കുമെന്ന് പറയുന്ന ഒരു വീഡിയോ ഈയടുത്ത് കണ്ടിരുന്നു. അന്നം ലക്ഷ്മിയും ഈശ്വരനുമൊക്കെയാക്കി ഭക്ഷണം വേസ്റ്റാക്കാതെ തിന്നുതീര്‍ക്കുന്നതിനെ കുറിച്ചുള്ള റൊമാന്റിസൈസിങ്ങാണ്.
ഇവര്‍ മാത്രമല്ല കേരളത്തിലെ ഏതാണ്ട് മുഴുവന്‍ സാധാരണ കുടുംബങ്ങളിലും നമ്മള്‍ കേട്ട് ശീലിച്ച കാര്യം തന്നെയാണിത്. ഇതേ സുരേഷ് ഗോപിക്ക് പക്ഷേ ഇതുപോലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിഗ്രഹത്തിന് മുകളിലും പുഴയിലുമൊക്കെ വിശ്വാസത്തിന്റെ ഭാഗമായി ഒഴുക്കിക്കളയുന്നതിന് പ്രശ്‌നമൊന്നും കാണില്ല എന്നത് മറ്റൊരു കാര്യം.
ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും മൂന്നിലൊന്ന് ജനത പട്ടിണി കിടക്കുന്നവരാണ്. അതേസമയം ലോകത്തെ വെറും അഞ്ച് ശതമാനം രാജ്യങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തേക്കാള്‍ ഏതാണ്ട് ഇരട്ടിയിലധികം ഉപയോഗിക്കുന്നവരാണ്. ലോകത്തിലെ 90 ശതമാനം മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണങ്ങളും വിഭവങ്ങളും വാങ്ങാനും നിയന്ത്രിക്കാനും ലോകത്തിലെ വെറും രണ്ട് ശതമാനം മനുഷ്യരെ കൊണ്ട് സാധിക്കും.
ആഫ്രിക്കന്‍ വന്‍കരയിലെ 120 കോടിയിലധികം ജനങ്ങള്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പേപ്പറിന്റെ ആകെ അളവിനേക്കാള്‍ കൂടുതലാണ് ഒരു വര്‍ഷം ന്യൂയോര്‍ക്ക് സിറ്റിയിലെ മാത്രം താമസക്കാര്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പേപ്പറിന്റെ എണ്ണം.
ഒരു കാലത്ത് ഞാനും എന്റെ വീട്ടുകാരും കടയില്‍ പോകുമ്പോള്‍ ഒരു കവര്‍ കൊണ്ടുപോകുമായിരുന്നു. കടയില്‍ നിന്ന് കിട്ടുന്ന പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്. ഞാന്‍ ഒരാളെങ്കിലും എന്നെകൊണ്ട് ആവുംവിധം പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാന്‍.
ഇന്ന് ഞാനത് ചെയ്യാറില്ല. ഞാന്‍ കയ്യിലോ പോക്കറ്റിലോ ബാഗിലോ ഒക്കെയായി കവര്‍ ചുരുട്ടിവെച്ച് പത്ത് പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കുമ്പോള്‍ അപ്പുറത്തെ മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് ഒരു ദിവസം കൂട്ടിയിട്ട പ്ലാസ്റ്റിക് വേസ്റ്റ് 200 കിലോയ്ക്ക് മേലെയാണ്.ഞാനും എന്നെ പോലെ ഒരു ലക്ഷം പേരും ഒരു കൊല്ലം എന്റെ സൗകര്യങ്ങള്‍ ത്യജിച്ച് നടത്തുന്ന പരിസ്ഥിതി സ്‌നേഹം ഒറ്റ മണിക്കൂര്‍ കൊണ്ട് ജെഫ് ബെസോസ് തന്റെ സ്‌പേസ് ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള ഷിപ്പില്‍ തീര്‍ക്കും.
മൂന്നാം ലോകരാജ്യത്തിലെ ലോവര്‍ ക്ലാസ് മനുഷ്യര്‍ തങ്ങളുടെ കംഫര്‍ട്ടുകള്‍, സുഖസൗകര്യങ്ങള്‍ ത്യജിച്ചുകൊണ്ടോ, ലുബ്ദിച്ചത് കൊണ്ടോ ഇവിടെയൊരു മാറ്റവും നടക്കാന്‍ പോകുന്നില്ല. അവരെ പ്രതികളാക്കുക എന്നത് ഈ പ്രശ്‌നങ്ങള്‍ ഒരിക്കലും തീരരുതെന്ന് ആഗ്രഹിക്കുന്നവരുടെ ആവശ്യമാണ്.
ലോകത്തിലെ പട്ടിണി ചാരിറ്റി കൊണ്ട് മാറില്ല. ചാരിറ്റി കൊണ്ട് ദാരിദ്ര്യം മാറിയിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങളായേനെ. ലോകത്തിലെ പട്ടിണി ഞാന്‍ ഭക്ഷണം വേസ്റ്റാക്കാതിരുന്നത് കൊണ്ടും മാറില്ല. അതിന് രാഷ്ട്രീയം മാറണം, അതിനനുസരിച്ചുള്ള നയങ്ങള്‍ രൂപപ്പെടണം, സമൂഹത്തിലെ വിഭവ ലഭ്യതയിലെ അസമത്വം മാറണം, ഒരു ചെറിയ ശതമാനം വലിയ ഭൂരിപക്ഷത്തിനാവശ്യമായ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം.
സമ്പന്നന്റെ പാര്‍ട്ടിയിലെ തീന്‍മേശയില്‍ നിരന്നിരിക്കുന്ന വിഭവങ്ങളിലെത്ര മാലിന്യമായി മാറുന്നു എന്നാരും ഓര്‍ക്കാറില്ല, അതോര്‍ക്കാത്തവര്‍ സാധാരണക്കാരന്റെ ഇലയിലെ വേസ്റ്റാകുന്ന ഭക്ഷണത്തെ കുറിച്ചും പരിതപിക്കേണ്ട കാര്യമില്ല. കഴിക്കുന്നതിന് മുന്നേ കഴിക്കാന്‍ പറ്റുമെന്ന് കരുതുന്ന ഭക്ഷണം വാങ്ങുക, ഇനി പറ്റിയില്ലെങ്കില്‍ ആരോഗ്യം മോശമാക്കാന്‍ നില്‍ക്കാതെ അവ മാലിന്യമായി തന്നെ കളയുക. ആഹാരത്തെ വൈകാരികവല്‍കരിക്കുക എന്നത് ആഹാരത്തെ രാഷ്ട്രീയവല്‍കരിക്കുന്നത് ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗമാണ്.
മാസ്റ്റര്‍ ഷെഫ് പരിപാടിയിലെ മത്സരാര്‍ത്ഥികള്‍ക്ക് വെട്ടി പഠിക്കാനും കുക്കിങ് സ്‌കില്ലുകള്‍ ഡെവലപ്പ് ചെയ്യാനും അതിന് ശേഷം എല്ലാം കൂടെ കൊണ്ടുപോയി കൊട്ടയില്‍ ഇടാനുമായി കൂട്ടിവെച്ച പച്ചക്കറികളും മുട്ടയും പഴവും മല്‍സ്യവും മാംസവുമൊക്കെ ആസ്വാദ്യകരമായി തോന്നുകയും, കൂലിപണിക്കാരായ തൊഴിലാളികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി പത്തില ചോറ് നശിപ്പിച്ചതിനെ അപമാനകരവുമായി തോന്നുന്നുണ്ടെങ്കില്‍ അതില്‍ വലിയൊരു പ്രശ്‌നമുണ്ട്.
Content Highlight: Sreekanth PK writes on the controversy regarding Mayor Arya Rajendran suspends sanitation workers for wasting food