| Sunday, 4th June 2023, 10:03 am

ഓഡിറ്റിങ്ങില്ലാത്ത റെയില്‍വേയും സുരക്ഷാ വിഭാഗത്തിലെ ഒഴിവുകള്‍ പോലും നികത്താതെ ലക്ഷക്കണക്കിന് തസ്തികകളും

ശ്രീകാന്ത് പി.കെ

2023 ജനുവരി മാസം 10ആം തീയ്യതി ഹിന്ദുവില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ റെയില്‍വേയില്‍ 3.12 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്നതാണത്.

2022 ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് വിവിധ റെയില്‍വേ സോണുകളിലായി 3.12 ലക്ഷം നോണ്‍ ഗസറ്റഡ് തസ്തികകള്‍ രാജ്യത്തുടനീളം ഒഴിഞ്ഞുകിടക്കുകയും ജീവനക്കാരുടെ ക്ഷാമം നേരിടുകയും ചെയ്യുകയാണെന്ന് റെയില്‍വേ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അശ്വിനി വൈഷ്ണവ്

നോര്‍ത്തേണ്‍ സോണില്‍-38,754, വെസ്റ്റേണ്‍ സോണില്‍- 30,476, ഈസ്റ്റേണ്‍ സോണില്‍- 30,141, സെന്‍ട്രല്‍ സോണുകളില്‍ – 28,650 എന്നിങ്ങനെയാണ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, സെന്‍ട്രല്‍ റെയില്‍വേയില്‍ ഒഴിവുള്ള 28,650 തസ്തികകളില്‍, ഏകദേശം 50ശതമാനം ഒഴിവുകളും(14,203) സുരക്ഷാ വിഭാഗങ്ങളിലാണ്! വിവിധ ഇന്‍സ്പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ട്രെയിന്‍ എക്സാമിനര്‍മാര്‍, ഷണ്ടേഴ്‌സ് തുടങ്ങി നിരവധി സേഫ്റ്റി, ഓപ്പറേറ്റിങ്, മെയിന്റനന്‍സ് സ്റ്റാഫുകളുടെ ഒഴിവുകള്‍ റെയില്‍വേ ഇതുവരെ നികത്താന്‍ തയ്യാറായിട്ടില്ല. അതായത് ട്രെയിന്‍ യാത്രക്കാരായ നമ്മളോരോരുത്തരുടെയും ജീവനും സുരക്ഷയും കാക്കേണ്ട സാങ്കേതിക പരവും അല്ലാത്തതുമായ തൊഴിലിലുള്ള പതിനായിരക്കണക്കിന് ജോലികളില്‍ ആളില്ല ഒഴിവുകള്‍ നിക്കാത്തതിനാലുള്ള ഇരട്ടി ജോലി ഭാരം മൂലം വിവിധ സംഘടനകളുടെ കീഴില്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ ഇതിനകം പ്രതിഷേധിച്ചിട്ടുണ്ട്. അതില്‍ ബി.ജെ.പി അനുകൂല തൊഴിലാളി സംഘടന പോലുമുണ്ട്.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്നേ റെയില്‍വേ പ്രത്യേക വിഷയമായി ഏറ്റെടുത്തു കൊണ്ട് ഒഴിവുകള്‍ നികത്താന്‍ ആവശ്യപ്പെട്ട് കൊണ്ട് ദല്‍ഹിയില്‍ യുവജന സമരം നടത്തിയിരുന്നു.

മറുഭാഗത്ത് കൂടി ഇന്ത്യന്‍ റെയില്‍വേയില്‍ നടക്കുന്നത് പകല്‍ കൊള്ളയുമാണ്. ഈ കാലത്തിനിടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് മുതല്‍ മേലോട്ട് എല്ലാ ടിക്കറ്റ് ചാര്‍ജുകളും റെയില്‍വേ അനുബന്ധ സേവനങ്ങളുടെയും നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ചരക്ക് സേവന നികുതി കൂട്ടി, 75 ശതമാനം ടിക്കറ്റ് റിസര്‍വേഷന്‍ നടക്കുന്ന റെയില്‍വേയുടെ സ്വന്തം ബുക്കിംഗ് പ്ലാറ്റ്‌ഫോമില്‍ കൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും നികുതിക്ക് പുറമേ 15 രൂപ മുതല്‍ 60 രൂപ വരെ കണ്‍വീനിയന്‍സ് ഫീ എന്ന് പറഞ്ഞു പിഴിയുന്നു. കൂടുതല്‍ ടിക്കറ്റുകള്‍ പ്രീമിയം തത്കാലിലേക്ക് മാറ്റി ഫ്‌ലക്‌സി റേറ്റ് എന്ന പേരില്‍ അഞ്ഞൂറ് രൂപയില്‍ തീരേണ്ട ബുക്കിങ്ങുകള്‍ക്ക് ആയിരത്തി അഞ്ഞൂറും രണ്ടായിരവും വാങ്ങുന്നു.

കേന്‍സലേഷന്‍ ചാര്‍ജ് തോന്നും പടി വര്‍ധിപ്പിച്ചു. പ്രീമിയം വണ്ടിയിനത്തില്‍ കൊണ്ട് വന്ന ശരാശരി വണ്ടി മാത്രമായ വന്ദേഭാരതിലൊക്കെ തത്കാലം ടിക്കറ്റ് ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കിലേക്ക് കൊണ്ട് പോയി.

എവിടെയാണ് റെയില്‍വേ ഈ പണമൊക്കെ നിക്ഷേപിക്കുന്നത്? നമ്മുടെ രാജ്യത്തിന് പണ്ടൊരുപ്രത്യേക റെയില്‍ ബജറ്റുണ്ടായിരുന്നു. വരവും ചെലവും പത്രം നോക്കി നാട്ടുകാര്‍ക്ക് മനസിലായിരുന്ന കാലം.ബി.ജെ.പി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം അത് നിര്‍ത്തലാക്കി, ഇപ്പോള്‍ എന്താണ് റെയില്‍വേയില്‍ നടക്കുന്നത് ഏതൊക്കെ ട്രെയിനുകള്‍ ഓടുന്നുണ്ട് എന്നറിയാന്‍ പോലും വിവരാവകാശ അപേക്ഷ നല്‍കേണ്ട അവസ്ഥയാണ്. ഓഡിറ്റിങ് എന്നൊന്നില്ലാതായി. സുരക്ഷാ വിഭാഗത്തിലെ ഒഴിവുകള്‍ പോലും നികത്താതെ ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വേളയിലാണ് സുരക്ഷാ പാളിച്ചകള്‍ കൊണ്ടുള്ള അപകടം നടന്ന് നൂറ് കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുന്നത്.

2008-09 കാലയളവില്‍ ഇന്ത്യയെ അഭിനന്ദിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യത്തില്‍ നടന്ന സെക്കന്‍ഡ് ജനറേഷന്‍ മൊബൈല്‍ സേവന വിപ്ലവത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനം നേതൃത്വം നല്‍കിയതിനെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബി.എസ്.എന്‍.എല്‍ എന്ന രാജ്യത്തെ പൊതുമേഖലാ സ്ഥാപനത്തെ അഭിനന്ദിച്ചുകൊണ്ട്. അന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് ബി.എസ്.എന്‍.എല്‍ ആയിരുന്നു. ബി.എസ്.എന്‍.എലിലെ തൊഴില്‍ എന്നത് ആ കാലത്ത് അഭിമാനമായിരുന്നു, വിവാഹ മാര്‍ക്കറ്റില്‍ പോലും ഡിമാന്‍ഡ് ഉണ്ടായിരുന്നു.

ഇന്ന് അതിന്റെ അവസ്ഥയെന്താണ്? ഇന്നോ നാളെയോ അടച്ചു പൂട്ടുമെന്നുള്ള ഭീഷണിയില്‍ തൊഴിലാളികള്‍ നിരന്തരം സമരത്തിലാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനത്തിന് ചരമ ഗീതം എഴുതുമ്പോഴും ജിയോ മൊബൈലിന്റെ ലോഞ്ചിങ് പരസ്യത്തില്‍ മോഡലായി പ്രത്യക്ഷപ്പെട്ട ആളാണ് പ്രധാന മന്ത്രി നരേന്ദ്രമോദി.

സ്വന്തമായി വിമാന സര്‍വീസ് ഇല്ലാതെ വ്യോമയാന മന്ത്രി മാത്രമുള്ള രാജ്യമാണ് നമ്മുടേത്. എയര്‍ ഇന്ത്യയെ ഇതുപോലെ ടാറ്റക്ക് തീറെഴുതി. നമ്മുടെഅതേ കാലത്ത് സ്വാതന്ത്രം ലഭിച്ച, നമ്മളെക്കാള്‍ താഴ്ന്ന സാമൂഹിക സാഹചര്യങ്ങളിലുണ്ടായായിരുന്ന, നമ്മുടെ അതേ ജനസംഖ്യയുള്ള അയല്‍ രാജ്യമായ ചൈനയുടെ പൊതുമേഖലാ സ്ഥാപനം നിര്‍മ്മിച്ച ആദ്യ യാത്രാ വിമാനം പറന്നത് കഴിഞ്ഞു പോയ ആഴ്ചയാണ്.

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കണം എന്ന ആവശ്യം ഏറെ കാലം മുന്നേ ശക്തമാണ്, ഇനിയിപ്പോള്‍ ആ ആവശ്യം വീണ്ടും വര്‍ധിക്കും. ജിയോ ട്രെയിനുകളും, അദാനി ട്രെയിനുകളും ടാറ്റ ട്രെയിനുകളും തോന്നും വിലക്ക് ചാര്‍ജും ഇടാക്കി കൂലി തൊഴിലാളികളെയും നിര്‍ത്തി നമ്മുടെ ട്രാക്കുകളില്‍ ഓടും. ആ എന്നാലെന്താ ട്രെയിനൊക്കെ കാണാനിപ്പോ എന്ത് ഭംഗി എന്ന് പാണന്മാര്‍ പാടും. മോദിയും റെയില്‍വേ മന്ത്രിയും പരസ്പരം കണ്ണിറുക്കും.

Content Highlight: Sreekanth PK’s write up about Indian railway

ശ്രീകാന്ത് പി.കെ

We use cookies to give you the best possible experience. Learn more