| Sunday, 3rd September 2023, 6:26 pm

പെപ്പയുടെ വര്‍ക്കിങ് ക്ലാസ് ഇമേജും റോമന്‍ റെയ്ന്‍സിനെ ഓര്‍മിപ്പിക്കുന്ന സൂപ്പര്‍ മാന്‍ പഞ്ചും

ശ്രീകാന്ത് പി.കെ

ഡബ്ലിയു.ഡബ്ലിയു.ഇയിലെ ഒരു സൂപ്പര്‍ സ്റ്റാറായ റോമന്‍ റെയ്ന്‍സിന്റെ സിഗ്‌നേച്ചര്‍ ഫിനിഷിങ് മൂവുകളില്‍ ഒന്നാണ് സൂപ്പര്‍ മാന്‍ പഞ്ച്. മുഷ്ടി ചുരുട്ടി വായുവില്‍ ഉയര്‍ന്ന് ചാടി മുഖത്തേക്ക് ഹാര്‍ഡ് പഞ്ച് ചെയ്യുന്ന രീതിയാണ്. സൂപ്പര്‍ മാന്‍ പഞ്ച് പണ്ട് മുതലേ പലരും ചെയ്യാറുണ്ട്, എന്നാല്‍ റോമന്‍ റെയ്ന്‍സിന്റെ ആകാരവും, ബോഡി ലാംഗ്വേജും, സ്വാഗുമൊക്കെ കൊണ്ട് മറ്റാരു ചെയ്യുമ്പോഴും ആ ഭംഗി കാണാറില്ല.

പെപ്പെ എന്ന ആന്റണി വര്‍ഗീസ് സംഘട്ടന രംഗങ്ങളില്‍ മുഷ്ടിചുരുട്ടുന്നത് കാണുമ്പോള്‍ തന്നെ ഒരു ഒന്നര കിലോ വെയ്റ്റ് ഫീല്‍ ചെയ്യും. അയാളുടെ പഞ്ചുകള്‍ കണ്ടിരിക്കാന്‍ തന്നെയൊരു ഭംഗിയാണ്. ഒട്ടും കൃത്രിമത്വം തോന്നാത്ത രീതിയില്‍ സ്വാഗോടെ ഡെലിവര്‍ ചെയ്യുന്നതാണ് പെപ്പേയുടെ പഞ്ചുകള്‍. അത് ഭംഗിയായി തന്നെ ആര്‍.ഡി.എക്‌സ് സംവിധായകന്‍ ഉപയോഗിച്ചിട്ടുമുണ്ട്.

സിനിമ തുടങ്ങുമ്പോള്‍ പെപ്പേയെ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന ഫസ്റ്റ് ഷോട്ടില്‍ തന്നെ അദ്ദേഹം നിറഞ്ഞിങ്ങനെ നില്‍ക്കുകയാണ്. ക്യാമറ എവിടെവെച്ചാലും അപാര സ്‌ക്രീന്‍ പ്രസന്‍സുള്ള നടനാണ് ആന്റണി വര്‍ഗ്ഗീസ്. അയാള്‍ വന്നാല്‍ എന്തെങ്കിലുമൊക്കെ നടക്കും എന്ന് കാഴ്ചക്കാര്‍ക്ക് തന്നെ തോന്നും, അതൊരു ചെറിയ കാര്യവുമല്ല. സൂപ്പര്‍ ശരണ്യ എന്ന സിനിമയില്‍ ഒരു ചെറിയ സീനിലേക്ക് ആന്റണി വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് നടക്കാന്‍ പോകുന്നതിനെ കുറിച്ച് ഏതാണ്ടൊരു തോന്നലുണ്ടാകും.

സംഘട്ടന രംഗങ്ങളിലടക്കമുള്ള ഒരു തനി ലോക്കല്‍ ഫീലാണ് അയാളുടെ മറ്റൊരു പ്ലസ് പോയിന്റ്. അതിഭാവുകത്വ പരമോ, അമാനുഷികമോ ആയ വലിച്ചുകെട്ടലുകളില്‍ പെപ്പെ ഫിറ്റാവുകയോ സ്വയം പ്ലെയ്‌സ് ചെയ്യുകയോ ചെയ്യുന്നില്ല. അങ്കമാലി ഡയറീസില്‍ തുടങ്ങി സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കെട്ട്, അജഗജാന്തരം തുടങ്ങി അയാള്‍ പേരുണ്ടാക്കിയ സിനിമകളൊക്കെ ആ ഗണത്തില്‍ വരുന്നതാണ്.

അജഗജാന്തരത്തിലെ ആനയുമൊത്തുള്ള ക്ലൈമാക്‌സ് ഫൈറ്റിലെ ക്വാളിറ്റിയിലും എനര്‍ജിയിലുമൊക്കെ ആന്റണി പെപ്പെയുടെ സംഭാവനയും വലുതാണ്. ഇന്റിയാലിറ്റിയിലുള്ള അയാളുടെ വര്‍ക്കിങ് ക്ലാസ് ഇമേജും അയാളോട് പ്രേക്ഷകര്‍ക്കും ഫാന്‍സിനും എളുപ്പം കണക്ട് ചെയ്യാന്‍ മറ്റൊരു കാരണവുമാകും.

റിയലിസ്റ്റിക് സിനിമകളുടെ കുത്തൊഴുക്കില്‍ പെട്ട് ‘വരണ്ടു’ പോയ മലയാള സിനിമയില്‍ ഒരു തനി നാടന്‍ മാസ് ഹീറോയായി മാറാന്‍ ശേഷിയുള്ള നടനാണ് ആന്റണി വര്‍ഗീസ്.

ദോഷം പറയരുതല്ലോ, ജൂഡ് ആന്തണി ജോസഫ് ശപിച്ച് വിട്ടതിന് ശേഷം പയ്യന് നല്ല കാലം തുടങ്ങിയെന്ന് തോന്നുന്നു.

Content Highlight:  Sreekanth PK’s Write up about antony varghese

ശ്രീകാന്ത് പി.കെ

We use cookies to give you the best possible experience. Learn more