| Wednesday, 30th October 2024, 3:01 pm

ആ മോഹൻലാൽ ചിത്രത്തിൽ ഒരു സീനിൽ തിലകൻ ചേട്ടന് ഡയലോഗില്ല, ശ്രീനിയേട്ടന്റെയും പ്രിയൻ സാറിന്റെയും തീരുമാനമായിരുന്നു: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രീകാന്തിന് സാധിച്ചു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി.

കിളിച്ചുണ്ടൻ മാമ്പഴം എന്ന പ്രിയദർശൻ ചിത്രത്തിലെ ഒരു ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത്. ക്ലൈമാക്സിന് മുമ്പുള്ള ഒരു സീനിൽ നടൻ തിലകനൊഴികെ ബാക്കിയെല്ലാവർക്കും ഡയലോഗ് ഉണ്ടായിരുന്നുവെന്നും അത് ശ്രീനിവാസന്റെയും പ്രിയദർശന്റെയും തീരുമാനമായിരുന്നുവെന്നും ശ്രീകാന്ത് പറയുന്നു.

എന്നാൽ ഡയലോഗ് ഇല്ലാത്ത കാര്യം സഹ സംവിധായകനായ തനിക്ക് തിലകനോട് പറയാൻ ധൈര്യം ഇല്ലായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിളിച്ചുണ്ടൻ മാമ്പഴത്തിൽ ക്ലൈമാക്സ്‌ ആവുന്നതിന് മുമ്പ് എല്ലാവരും കൂടെ ഡിസിഷനെടുക്കുന്ന ഒരു സീനുണ്ട്. അബു സലീമുണ്ട്, ശ്രീനിയേട്ടനുണ്ട്, ബൈജുവേട്ടനുണ്ട് അവരെല്ലാം ആ സീനിലുണ്ട്. ആ ഷോട്ടിൽ ഡയലോഗ് ഇല്ലാത്ത ഒരാൾ തിലകൻ ചേട്ടൻ മാത്രമാണ്.

ആ സീൻ കോപ്പിയെടുത്തപ്പോൾ പതിനാറ് പേജോളമുണ്ട്. തിലകൻ ചേട്ടനോട് ഡയലോഗ് ഇല്ലായെന്ന് പറയാനുള്ള ധൈര്യം നമുക്കില്ലായിരുന്നു. അദ്ദേഹം ഒരു ചാരു കസേരയിൽ ഇരിക്കുകയാണ്. തിലകൻ ചേട്ടനാണ്. അദ്ദേഹം എത്ര വലിയ നടനാണെന്ന് നമുക്ക് അറിയുന്നതാണ്.

അദ്ദേഹത്തിന് ഡയലോഗ് വേണ്ടായെന്ന് ശ്രീനിയേട്ടനും പ്രിയൻ സാറും കൂടെയാണ് തീരുമാനിച്ചത്. അഭിനേതാക്കൾക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുന്നതാണല്ലോ നമ്മുടെ പണി. എല്ലാവർക്കും ഡയലോഗ് പറഞ്ഞുകൊടുത്തിട്ട് ഒടുവിൽ ഞാൻ തിലകൻ ചേട്ടന്റെ അടുത്തെത്തി.

അദ്ദേഹത്തിന് കാര്യം മനസിലായി. തിലകൻ ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. ഒരു സീനിൽ മൊത്തം ഡയലോഗ് ഇല്ലാതെ ഇരിക്കുകയെന്നത് ഒരു വലിയ ജോലിയാണ്. അത് പ്രിയനറിയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ശ്രീകാന്ത് മുരളി പറയുന്നു.

Content Highlight: Sreekanth Murali About Thilakan And Kilichundan Mambazham Movie

We use cookies to give you the best possible experience. Learn more