മോഡിഫിക്കേഷന്‍ നടത്തിയതിന് എം.വി.ഡി പിടിച്ചെന്ന് പള്‍വാള്‍ ദേവന്‍; ഇ ബുള്‍ ജെറ്റിനെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍
Entertainment
മോഡിഫിക്കേഷന്‍ നടത്തിയതിന് എം.വി.ഡി പിടിച്ചെന്ന് പള്‍വാള്‍ ദേവന്‍; ഇ ബുള്‍ ജെറ്റിനെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th August 2021, 1:35 pm

വിവാദ യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍. വാഹനത്തില്‍ നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും ചെയ്ത വീഡിയോക്ക് സമാനമായ വീഡിയോയുമായാണ് ശ്രീകാന്ത് വെട്ടിയാര്‍ എത്തിയിരിക്കുന്നത്.

ബാഹുബലി എന്ന സിനിമയിലെ പള്‍വാള്‍ ദേവന്‍ എന്ന കഥാപാത്രമായിട്ടാണ് വെട്ടിയാര്‍ജിയുടെ വരവ്. അര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇ ബുള്‍ ജെറ്റ് ടീമിനെയും ഇവരുടെ ഫാന്‍സിനെയും പരോക്ഷമായി ട്രോളുകയാണ്.

‘വണ്ടിയുടെ മുന്നില്‍ കറങ്ങുന്ന വാള്‍വെച്ച് മോഡിഫിക്കേഷന്‍ ചെയ്തതിന് എം.വി.ഡി പൊക്കിയ പള്‍വാള്‍ദേവന്‍’ എന്നാണ് വീഡിയോയുടെ തലക്കെട്ട്.

വണ്ടിയുടെ മുന്നില്‍ മോഡിഫിക്കേഷന്‍ ചെയ്തതിനും ആ വണ്ടിവെച്ച് ആള്‍ക്കാരുടെ തല വെട്ടി എന്ന നിസാര കുറ്റത്തിനും എം.വി.ഡി പൊക്കിയെന്നാണ് പള്‍വാള്‍ ദേവന്‍ വീഡിയോയില്‍ പറയുന്നത്. ബാഹുബലിയോട് പറഞ്ഞ് മഹിഷ്മതി മണ്ണെണ്ണയൊഴിച്ച് കത്തിക്കണമെന്നും പള്‍വാള്‍ദേവന്‍ ആവശ്യപ്പെടുന്നുണ്ട്.

എം.വി.ഡി ചതിച്ചു ഗയ്‌സ്, ഞങ്ങളെ പിടിച്ചു ഗയ്‌സ്, മഹിഷ്മതി മണ്ണെണ്ണയൊഴിച്ച് കത്തിക്കൂ ഗയ്‌സ് എന്നിങ്ങനെയുള്ള വീഡിയോയിലെ പ്രയോഗങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വീഡിയോക്ക് ഇതിനോടകം നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. എം.വി.ഡി എന്നാല്‍ മഹിഷ്മതി വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണെന്ന് കണ്ടുപിടിച്ച വെട്ടിയാര്‍ജിയെ അഭിനന്ദിച്ചും കമന്റുകളെത്തുന്നുണ്ട്.

ആഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള് വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിരുന്നു.


Content Highlight: Sreekant Vettiyar’s troll video about E Bull Jet brothers and their fans