കൊച്ചി: ഒരു മലയാളിക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രസംഗവും പ്രഭാഷണവും കൊണ്ട് ആളുകളുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് ശശി തരൂര്‍ എം.പിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന് നായര്‍.
വിദേശ രാജ്യങ്ങില്‍ പ്രസംഗത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നയാളാണ് ശശി തരൂരെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളവേഴ്‌സ് ടി.വിയിലെ ഒരു കോടി പരിപാടിയില്‍ ജി.എസ്. പ്രദീപുമായുള്ള എപ്പിസോഡില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൗദിയില്‍ ഒരു പരിപാടിക്ക് മോഹന്‍ലാലിന് പകരം ശശി തരൂരിന്റെ പ്രസംഗം സംഘടിപ്പിച്ചാല്‍ പോരെയെന്ന് സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തന്നോട് ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം. ഞാന്‍ സൗദി അറേബ്യയില്‍ പോയപ്പോള്‍ അവിടെ ഒരു ഇവന്റ് നടത്തുന്നതിനെക്കുറിച്ച് സൗദി ഗസറ്റ് എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം വളരെ സീനിയറായ അവിടുത്തെ പത്രപ്രവര്‍ത്തകനാണ്. ഇവിടുത്തെ മലയാള മനോരമയിലെ എഡിറ്ററെ പോലെയാണ് അവിടെ അദ്ദേഹം.
മോഹന്‍ലാലിനെ വെച്ച് പരിപാടി നടത്താനാണ് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിങ്ങള്‍ ശശി തരൂരിനെ കൊണ്ടുവന്ന് ഒരു ലക്ചര്‍ സീരീസ് നടത്തൂ എന്നാണ് അദ്ദഹം അവശ്യപ്പെട്ടത്,’ ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
ശരി തരൂരിനെവെച്ച് പരിപാടി സംഘടിപ്പിച്ചാല്‍ അറബികള്‍ കയറുമോ, ടിക്കറ്റ് വിറ്റുപോകുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതിനേ അവര്‍ കയറൂ എന്നാണ് ആ പത്രപ്രവര്‍ത്തകന്‍ പറഞ്ഞതെന്നും ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കി. എത്ര ഫീ വെച്ചാലും തരൂരിന്റെ പ്രസംഗത്തിന് ആളുകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായി ശ്രീകണ്ഠന് നായര്‍ കൂട്ടിച്ചേര്‍ത്തു.