| Tuesday, 11th August 2020, 12:23 pm

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ആരോപണം; ശ്രീകണ്ഠന്‍നായര്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണത്തിന്റെ പേരിലുള്ള കേസില്‍ 24 ടിവി എം.ഡി കെ ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൊവിഡ് കണക്കുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു കേസ്. അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണി എന്നും ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ യുക്തിപൂര്‍വം തീരുമാനമെടുക്കണം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. പ്രസിദ്ധീകരിക്കുന്നതും പറയുന്നത് വസ്തുതയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

ശ്രീകണ്ഠന്‍ നായര്‍ ഷോ എന്ന ടിവി പരിപാടിയില്‍ കോവിഡ് കണക്കുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസ് വന്നത്.

ഷോയുടെ അവതാരകനായ ശ്രീകണ്ഠന്‍ നായരും ഷോയില്‍ സംസാരിച്ച ഡോ.ഷിനു ശ്യാമളനും തെറ്റായ വിവരങ്ങള്‍ ജനങ്ങളില്‍ ഭീതിയുളവാക്കും വിധം പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

ഐ.പി.സി സെക്ഷന്‍ 505(1) (b), കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്. ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more