| Thursday, 23rd May 2019, 10:55 am

വികെ ശ്രീകണ്ഠന്റെ മുന്നേറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇതാണ്; മലമ്പുഴ ഒഴികെ എല്ലായിടത്തും എംബി രാജേഷ് പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീകണ്ഠന്‍ വന്‍ മുന്നേറ്റം നടത്തുകയാണ്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ശ്രീകണ്ഠന്‍ നടത്തുന്നത്. എല്‍ഡിഎഫ് കോട്ടകളിലടക്കം വലിയ മുന്നേറ്റമാണ് ശ്രീകണ്ഠന്‍ നടത്തുന്നത്. മലമ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും എംബി രാജേഷ് പിന്നിലാവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

പികെ ശ്രീകണ്ഠന്റെ മുന്നേറ്റത്തിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പീഡനാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിനോടൊപ്പം നിന്ന എംബി രാജേഷിനെതിരെ എംഎല്‍എയെ പിന്തുണക്കുന്നവര്‍ക്ക് കടുത്ത രോഷമുണ്ടായിരുന്നു. ഈ രോഷം വോട്ട് മറിക്കലിലേക്ക് കടന്നുവെന്നാണ് നീരീക്ഷണം. പാലക്കാട് എല്‍ഡിഎഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും എംബി രാജേഷ് പിന്നില്‍ പോവാന്‍ ഇതാണ് ഒരു കാരണമെന്നാണ് വിലയിരുത്തുന്നത്.

അതോടൊപ്പം ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടും പികെ ശ്രീകണ്ഠന് ലഭിച്ചെന്നാണ് കരുതുന്നത്. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി നിശ്ചയിച്ചതോടെ നേരത്തെ സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതിയിരുന്ന ശോഭാ സുരേന്ദ്രന്‍ വിഭാഗം നിരാശയിലായിരുന്നു. ഈ വിഭാഗത്തിന്റെ വോട്ടും ശ്രീകണ്ഠന് ലഭിച്ചുവെന്നാണ് പാലക്കാട്ട് നിന്നുള്ള വാര്‍ത്തകള്‍.

38% വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ പികെ ശ്രീകണ്ഠന്‍ 29378വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. എംബി രാജേഷ് ആദ്യം പാലക്കാട് മത്സരത്തിനിറങ്ങിയപ്പോള്‍ 2000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചു കയറിയത്.

We use cookies to give you the best possible experience. Learn more