അറിയുമോ?, ശ്രീജിത്ത് സമരം അവസാനിപ്പിച്ചിട്ടില്ല; ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; ശ്രീജിത്തിന്റെ നിരാഹാര സമരം 18-ാം ദിവസത്തില്‍
Focus on Politics
അറിയുമോ?, ശ്രീജിത്ത് സമരം അവസാനിപ്പിച്ചിട്ടില്ല; ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; ശ്രീജിത്തിന്റെ നിരാഹാര സമരം 18-ാം ദിവസത്തില്‍
എഡിറ്റര്‍
Friday, 23rd March 2018, 9:03 pm

ഈ വര്‍ഷമാദ്യം മലയാളിയുടെ സോഷ്യല്‍ മീഡിയാ ഇടങ്ങളില്‍ മുഴങ്ങിയ ഹാഷ്ടാഗായിരുന്നു ശ്രീജിത്തിനൊപ്പം എന്നത്. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി അവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലായിരുന്ന ശ്രീജിത്തിന്റെ സമരത്തിന് സാമൂഹിക മാധ്യമ കൂട്ടായ്മകളില്‍ ലഭിച്ച പിന്തുണ രാജ്യത്ത തന്നെ ചര്‍ച്ചയായിരുന്നു.

സര്‍ക്കാറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു എന്നാല്‍ ശ്രീജിത്ത് ഇന്ന് വീണ്ടും അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്നത് അധികമാരും അറിയാത്ത കാര്യമാണ്. സമരത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ നടപ്പാക്കിയില്ലെന്നതാണ് ശ്രീജിത്ത് പറയുന്നത്.

സി.ബി.ഐ അന്വേഷണം നടത്തും എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നടപടികളോ ഉത്തരവുകള്‍ ഇതുവരെ തനിക്കോ കുടുംബാഗങ്ങള്‍ക്കോ കൈമാറിയിട്ടില്ലായെന്നും ശ്രീജിത്ത് പറയുന്നു. അതോടൊപ്പം ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് വീണ്ടും സമരരംഗത്തിറങ്ങിയത്.

രണ്ടാമത് ശ്രീജിത്ത് ആരംഭിച്ച നിരാഹാര സമരം ഇന്നു 18 ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സമരം ആരംഭിച്ചിട്ട് 832 ദിവസവും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്ത സമരം അവസാനിപ്പിച്ചത്. എന്നാല്‍ സമരം അവസാനിപ്പിച്ച് മടങ്ങിയ തനിക്ക് ഇപ്പോള്‍ ജീവനു ഭീഷണിയുണ്ടെന്നാണ് ശ്രീജിത്ത് പറയുന്നത്.

“മുഖ്യമന്ത്രിയുമയുളള ചര്‍ച്ചയ്ക്ക് ശേഷം നലു ദിവസം നീണ്ടകാലം സമരം ചെയ്തതിന്റെ ഭാഗമായുള്ള പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയിലായിരുന്നു. ഈ സമയത്ത് നാട്ടുകാരായ ആരോപണ വിധേയരായ പൊലീസുകാര്‍ അമ്മയ്ക്കെതിരെ പരിഹാസവും അധിക്ഷേപവും നടത്തി. ജീവന് ഭീഷണിയുണ്ട്. അനുജന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും നടപടിയില്ലാത്ത ഇടത്ത് നമ്മള്‍ കൊല്ലപ്പെട്ടാലും ആരും തിരിഞ്ഞു നോക്കില്ല” ശ്രീജിത്ത് പറയുന്നു.

മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ വേണ്ടത് ചെയ്യാം പിന്തുണ നല്‍കാം എന്നിങ്ങനെയാണ് പറഞ്ഞതെന്നും അന്ന് സമരത്തിന് സമൂഹി മാദ്ധ്യമ കൂട്ടായ്മയുടെ ഭാഗമായുണ്ടായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു ചര്‍ച്ചയും മറ്റുമെന്നും ശ്രീജിത്ത് ആരോപിക്കുന്നു. മരണം കൊലപാതകമാണെന്ന് സര്‍ക്കാര്‍ സ്ഥീരീകരിച്ചിട്ടും നടപടി ഉണ്ടാകാത്തത് സമൂഹത്തോട് കാട്ടുന്ന വഞ്ചനയാണെന്നും ശ്രീജിത്ത് പറഞ്ഞു.

സമരത്തിന് പിന്തുണയുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികാരും അന്ന് എത്തിയിരുന്നെങ്കിലും ഇപ്പോള്‍ സമരമുഖത്ത് ശ്രീജിത്ത് ഏറെക്കുറെ ഒറ്റയ്ക്കാണ്. വി.എം സുധീരന്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കാറുണ്ടെന്ന് പറയുന്ന ശ്രീജിത്ത് സമൂഹിക മാധ്യമ കൂട്ടായ്മയുടെ ഭാഗമായുള്ളവരും എത്താറുണ്ടെന്നും ശ്രീജിത്ത് പറയുന്നു.

2014 മെയ് മാസം 19 ാം തീയ്യതി പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് കസ്റ്റഡിയില്‍ മരിക്കാനുണ്ടായ സംഭവത്തില്‍ കാരണം അന്വേഷിച്ച് സഹോദരന്‍ ശ്രീജിത്ത് സമര്‍പ്പിച്ച പരാതിയില്‍ (18.8.2014) പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റി അന്വേഷണം നടത്തുകയും പൊലീസുകാരെ കുറ്റക്കാരായി കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

ശ്രീജീവിനെ ക്രൂരമായി മര്‍ദ്ദിച്ച് ശരീരത്തില്‍ മരണ കാരണമാകാവുന്ന മുറിവുകള്‍ വരുത്തിയെന്നും വിഷം നല്‍കിയെന്നും പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റി കണ്ടെത്തിയിരുന്നു. അന്ന് പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ ചേര്‍ന്നാണ് നടത്തിയതെന്നും പ്രതാപചന്ദ്രന്‍ വിജയദാസ് എന്നിവര്‍ കൂട്ടു നിന്നെന്നും മഹസ്സര്‍ തയ്യാറാക്കിയ ഡി.ബിജു കുമാര്‍ വ്യാജരേഖ ചമച്ചെന്നും പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റാക്കാരയവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും അതോറിറ്റി ചൂണ്ടികാട്ടിയിരുന്നു. അതൊക്കെ ഉണ്ടായിട്ടുമാണ് ഇത്രയും കാലമായിട്ടും യാതൊരു നടപടിയും ഇല്ലാതിരുന്നത്.

നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു ശ്രീജിത്ത് 780 ദിവസമായി തുടര്‍ന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചത്. ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തി വരുന്ന സമരം 774 ദിവസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു നേരത്തെ സി.ബി.ഐ അന്വേഷണ ഉത്തരവ് പുറത്തുവരുന്നത്.

ഈ സമയം തന്നെ കേസന്വേഷണത്തെപ്പറ്റി വ്യക്തതയുണ്ടാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐ എറ്റെടുക്കുമെന്നുള്ള കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനായിരുന്നു ശ്രീജിത്തിന് കൈമാറിയത്.