| Wednesday, 17th January 2018, 6:37 pm

ശ്രീജിവിന്റെ അമ്മ ഗവര്‍ണറെ കണ്ടു; സി.ബി.ഐ അന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജീവിന്റെ അമ്മ ഗവര്‍ണറെ കണ്ടു. മകന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടാണ് അമ്മ ഗവര്‍ണറെ കണ്ടത്. കേസന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീജീവിന്റെ അമ്മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് ഗവര്‍ണര്‍ ശ്രീജിവിന്റെ അമ്മയ്ക്ക് ഉറപ്പ് നല്‍കിയത്. സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം 768 ദിവസം പിന്നിട്ടിരിക്കുകയാണ്.

ശ്രീജീവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കും വരെ തന്റെ സമരം തുടരുമെന്ന് ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശ്രീജിത്തും അമ്മയും ചര്‍ച്ച നടത്തിയിരുന്നു. ശ്രീജിത്തിനു പൂര്‍ണ്ണ പിന്ുണ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ബി.ഐ അന്വേഷണ ഉത്തരവ് ലഭിക്കും വരെ സമരം തുടരാനായിരുന്നു ശ്രീജിത്തിന്റെ തീരുമാനം.

നേരത്തെ കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാരായ കെ.സി. വേണുഗോപാലിനും ശശി തരൂരും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടത്.

2014 മെയ് 21 നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

We use cookies to give you the best possible experience. Learn more