| Tuesday, 11th April 2017, 9:58 am

'ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം എന്നെ കൊന്നു കളയുന്നതാണ്'; ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു. ദേശാഭിമാനിയിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടിവ് സ്ഥാനത്ത് നിന്നാണ് ശ്രീജിത്ത് രാജി വെച്ചത്. ജിഷിണുവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം ചെയ്തതിന് ഇന്നലെ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നതാണ് ശ്രീജിത്തിനെ പുറത്താക്കാനുള്ള കാരണം. ദേശാഭിമാനിയില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കാരണവും ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനുള്ള കാരണമായി പാര്‍ട്ടി പറയുന്നു. ശ്രീജിത്തിന്റെ പ്രാഥമിക അംഗത്വം പുതുക്കി നല്‍കേണ്ട എന്ന് ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.


Also Read: ‘കൊന്നത് താന്‍ തന്നെ നടന്നത് ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്താനുള്ള സാത്താന്‍ സേവ’; കുറ്റസമ്മതം നടത്തി കേഡല്‍


അതേ സമയം പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം താന്‍ മാര്‍ച്ചില്‍ തന്നെ പുതുക്കിയെന്ന് ശ്രീജിത്ത് പറഞ്ഞു. 16 വഷമായി ജോലി ചെയ്യുന്ന സ്ഥാപനമാണ് ദേശാഭിമാനി. 15 വര്‍ഷം എഡിറ്റോറിയല്‍ വിഭാഗത്തിലും ഒരു വര്‍ഷം മാര്‍ക്കറ്റിംഗ് വിഭാഗത്തിലും പ്രവര്‍ത്തിച്ചു. ദേശാഭിമാനിയില്‍ നിന്ന് പടിയിറങ്ങുന്നത് അത്യധികം വേദനയോടെയാണെന്നും അദ്ദേഹം “മാതൃഭൂമി ന്യൂസി”നോട് പറഞ്ഞു.

ദേശാഭിമാനിയില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കാരണം കൊണ്ട് കൂടിയാണ് പുറത്താക്കുന്നത് എന്ന് പാര്‍ട്ടി പറഞ്ഞത് അവതാരക സൂചിപ്പിച്ചപ്പോള്‍ ഇത്തരമൊരു കാര്യം അറിയില്ല എന്നാണ് ശ്രീജിത്ത് പറഞ്ഞത്. തുടര്‍ന്ന് അവതാരക ഇക്കാര്യം വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനത്തിന് തനിക്ക് ദേശാഭിമാനിയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. 12 ലക്ഷം രൂപയായിരുന്നു തന്റെ ടാര്‍ഗറ്റ്. എന്നാല്‍ താന്‍ 16 ലക്ഷത്തിലേറെ രൂപ ദേശാഭിമാനിക്ക് പിടിച്ച് നല്‍കി. സ്ത്രീ വിഷയവും സാമ്പത്തിക തിരിമറിയും പോലുള്ള ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം തന്നെ കൊന്നുകളയുന്നതാണെന്നും ശ്രീജിത്ത് വികാരാധീനനായി പറഞ്ഞു.

We use cookies to give you the best possible experience. Learn more