| Monday, 26th November 2018, 11:57 am

കഥാകൃത്ത് നാടകത്തിന്റെ അച്ഛനാകുമ്പോള്‍

ശ്രീജിത്ത് പൊയില്‍ക്കാവ്

കിത്താബ് നാടകം കാണാനിടയാവുകയും, ആ നാടകവുമായി ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ കാണാനിടയാവുകയും ചെയ്തു. കിത്താബ് പലപ്പോഴും ചര്‍ച്ച ചെയ്യുന്നത് മതത്തിനുള്ളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്രവുമായി ബന്ധപ്പെട്ടാണ്. പൊരിച്ചമീന്‍ എന്ന റീമാ കല്ലിങ്കലിന്റ സ്ത്രീപക്ഷ വായനയിലൂടെയാണ് നാടകം ആരംഭിക്കുന്നത്.

തുടര്‍ന്ന് നാടകം പള്ളി മുക്രിയുടെ മകളുടെ ബാങ്ക് വിളിക്കാനുള്ള ആഗ്രഹത്തിലേക്കും, മതത്തിനുള്ളിലെ സ്ത്രീ ഇടങ്ങളെയും കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ജെ.ദേവിക തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത് ഉല്‍പത്തി കഥയില്‍ പുരുഷന്റെ വാരിയെല്ലില്‍ നിന്നല്ല സ്ത്രീയെ സൃഷ്ടിച്ചത് എന്നാണ്.

എന്നാല്‍ ഉല്‍പത്തിയില്‍ മനുഷ്യനെ ആണായി മാത്രമാണ് പരിശുദ്ധ ഖുര്‍ആന്‍ പരിഗണിക്കുന്നത്. പരിശുദ്ധ ഖുര്‍ആന് നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിരിക്കേ ജെ.ദേവികയെ പോലുള്ള ഒരാള്‍ എങ്ങിനെയാണ് ഉല്‍പത്തിയെ പറ്റിയുള്ള ഇസ്‌ലാം വായന ഇത്ര ആധികാരികമായി പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.

Read Also : ഗാന്ധിയെ കൊന്നത് ഗോഡ്‌സേ ആണെന്ന് പറഞ്ഞയാളെ യൂസ്‌ലെസ്സ് എന്ന് വിളിച്ച് ബി.ജെ.പി നേതാവ്; അതൊക്കെ വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്ന് മറുപടി

പിന്നെയും ദേവിക ഇസ്‌ലാം മതം നിരവധി നവോത്ഥാനങ്ങള്‍ക്ക് വിധേയമായി എന്നും പറയുന്നു. കേരളത്തില്‍ ബഹുഭാര്യത്വം കുറയുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ തെയ്യാറാവുന്നു, തടങ്ങിയ വാദങ്ങളും ദേവികയുടെ ഫേസ് ബുക്ക് കുറിപ്പില്‍ കാണാന്‍ കഴിയും. ഇസ്‌ലാം മാത്രമല്ല എല്ലാ മതങ്ങളും ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നവോത്ഥാനത്തിന് വിധേയമായിട്ടുണ്ട്.

Image may contain: 2 people, people smiling, people dancing

സാമൂഹ്യ പദവിയില്‍ സ്ത്രീയ്ക്ക് കാലക്രമത്തില്‍ വന്ന മാറ്റം മാത്രമാണ് ഇസ്‌ലാം സ്ത്രീകളിലും ഉണ്ടായത് എന്ന് ദേവിക മനസ്സിലാക്കുന്നത് നന്നായിരിക്കും. കുറിപ്പിന്റെ ആദ്യം തന്നെ നാടകകൃത്ത് ഉണ്ണി ആറിനോട് മാപ്പ് പറയണം എന്നും എഴുതിയിട്ടുണ്ട്. ഒരു കഥയുടെ സ്വതന്ത്രാവിഷ്‌കാരത്തിന് ഉള്ളില്‍ തീ സൂക്ഷിക്കുന്ന ഒരു നാടക കൃത്തിനോട് മാപ്പ് പറയണം എന്നൊക്കെ പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല.

“ബദറുദീന്‍ നാടകം എഴുതുമ്പോള്‍” എന്ന നാടകത്തില്‍ റഫീക്ക് മംഗലശ്ശേരി തന്നെ വര്‍ഷങ്ങള്‍ക്ക് മുന്നേ പെണ്‍കുട്ടികള്‍ക്ക് ബാങ്ക് വിളിച്ചാല്‍ എന്താ കുഴപ്പം എന്ന് ചോദിക്കുന്നുണ്ട്. ആ നാടകത്തിന്റെ തുടര്‍ച്ചയാണ് കിത്താബും രചിക്കുന്നത്. എന്നാല്‍ മലയാളത്തിലെ ശ്രദ്ധിക്കപെട്ട ഒരു കഥ ബാങ്ക് വിളിയുമായി ബന്ധപെട്ട് വന്നത് കൊണ്ട് മാത്രം ആ കഥയുടെ സ്വതന്ത്ര ആവിഷ്‌കാരം എന്ന നിലക്ക് നാടകകൃത്ത് ഉണ്ണിയാറിന്റെ പേര് ഉപയോഗിക്കുകയായിരുന്നു.

“ബദറുദീന്‍ നാടകം എഴുതുമ്പോള്‍” എന്ന നാടകത്തിലെ ഭാഗം

ഇതിന് റഫീക്ക് നല്‍കുന്ന മറുപടിയും ഇത് തന്നെയാണ്. ഭാവിയില്‍ ഉണ്ണിയുടെ കഥയുമായി സാമ്യമുണ്ട് മോഷണമാണ് എന്ന് ആരും പറയാതിരിക്കാനാണ് ഉണ്ണിയുടെ കഥയുടെ സ്വതന്ത്ര ആവിഷ്‌കാരം എന്ന് നാടകത്തിന് മുന്‍പേ പറയേണ്ടി വന്നത്.
അത് കേട്ടയുടെ ഉണ്ണി നാടകത്തിന്റെ അച്ഛനായി. ആ കഥ ആരും നാടകമാക്കി അവതരിപ്പിക്കാതിരിക്കാന്‍ നിയമ നടപടി എടുക്കും എന്ന് വരെ പറഞ്ഞു. ഉണ്ണിയുടെ പെന്‍കത്തി റഫീക്കിന്റെ കഴുത്തിന് നേരെ പിടിച്ച് ഭീഷണിയും തുടങ്ങി.

ഉണ്ണിയോട് ഒരു ചോദ്യം വാങ്ക് എന്ന കഥയില്‍ ആ പെണ്‍കുട്ടി എന്തിനാണ് ഉണ്ണി ഒരു കാട്ടില്‍ പോയി ബാങ്ക് വിളിക്കേണ്ടി വരുന്നത്? ഒരു പെണ്‍കുട്ടിക്ക് ദൈവസ്തുതി കൊടുകാട്ടില്‍ നടത്തേണ്ടി വരുന്ന അവസ്ഥ മതം എത്ര സ്ത്രീ വിരുദ്ധം ആണെന്നതിനാല്‍ തന്നെയല്ലെ….?

നവോത്ഥാനം എന്നത് ശബരിമലയുടെ കാര്യത്തില്‍ വേറെയും, മറ്റു മതങ്ങളിലേക്ക് വരുമ്പോള്‍ അത് മതവിരുദ്ധം ആയി തീരുന്നതും ഒരു സുഖമില്ലാത്ത അവസ്ഥയാണ്.

ഇനി ഇസ്‌ലാമോഫോബിയ അങ്ങനെ ഒന്ന് ഉണ്ട് എന്നതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ റഫീക്ക് മംഗലശേരിക്ക് മുന്നേ പാക്കിസ്ഥാനും ഇന്ത്യയും രണ്ടായി നാല് പതിറ്റാണ്ടുകള്‍ തികയും മുന്‍പേ, അതായത് മുസ്‌ലിം വെറുപ്പ് ഇന്ത്യയില്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ കെ.ടി മുഹമ്മദ് എന്നൊരു നാടകക്കാരന്‍ ഇത് ഭൂമിയാണ് എന്നൊരു നാടകം എഴുതി. അതും അതി ശക്തമായി ഇസ്‌ലാമിലെ അനാചാരങ്ങളെ വിമര്‍ശ്ശിക്കുന്ന നാടകമായിരുന്നു. കെ.ടി ഇസ്‌ലാമോഫോബിയാക്ക് ആയിരുന്നോ..? ഇസ്‌ലാമിലെ മരണാനന്തര ജീവിതത്തെ തന്നെയാണ് കെ.ടിയും ചോദ്യം ചൈയ്തത്. കെ.ടി ഇസ്‌ലാമോഫോബിയക്ക് ആണെങ്കില്‍ റഫീക്കിനെയും നമുക്ക് അങ്ങിനെ വിളിക്കാം.

അവസാനമായി ഉണ്ണീ ഒരു കാര്യം കൂടി നാല് സിനിമയൊക്കെയെഴുതി നാല് പുത്തനൊക്കെ ആയാല്‍ കോടതിയില്‍ പോകും നാടകം തടയും എന്നൊക്കെ പറയുന്നതിലെ മാനസ്സികാവസ്ഥ നമുക്ക് മനസ്സിലാവും. പക്ഷേ ഒരു കലാരൂപത്തിനെ നാടകം കളിച്ച കുട്ടികളെ നാടക കൃത്തിനെ കോടതിയിലെ വാറോലകാണിച്ച് പേടിപ്പിക്കുന്നത് അല്‍പ്പത്തരം ആണ്. മാറ്റം വരുത്തുന്നതിനെ വരട്ട് ന്യായങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കൊടിയ ഹിംസ തന്നെയാണ്.

തമിഴിലെ ജയമോഹന്‍ എന്നൊരു നോവലിസ്റ്റിനെ ഉണ്ണിക്കറിയാമല്ലോ നൂറ് സിംഹാനങ്ങള്‍ക്ക് കോപ്പി റൈറ്റ് വേണ്ട എന്ന് ജയമോഹന്‍ ഒരിക്കല്‍ പറഞ്ഞു. കാരണം തന്റെ എഴുത്ത് ഒരു സമൂഹത്തിനെ മാറ്റത്തിലേക്ക് നയിക്കാന്‍ ഉതകുന്നതാണ് എങ്കില്‍ അങ്ങിനെ നടക്കട്ടെ എന്നാണ് ജയമോഹന്‍ വിചാരിച്ചത്. അമ്പതിനായിരം കോപ്പിയോളം പുസ്തകങ്ങള്‍ ലഘുലേഖകളായി ദളിത് സംഘടനകള്‍ തമിഴ് നാട്ടില്‍ വിതരണം ചെയ്യുകയും ചൈയ്തു.

ഇതാവണം എഴുത്ത്കാരന്റെ നിലപാട്. ഉണ്ണീ എന്നെങ്കിലും താങ്കള്‍ കോപ്പി ലെഫ്റ്റിനെ പറ്റി ചിന്തിക്കൂ. ഇല്ലങ്കില്‍ നാളെ ചരിത്രം നിങ്ങളെ ഒറ്റ്കാരന്‍ എന്ന് വിളിക്കും. ഒരിക്കല്‍ അവര്‍ നിങ്ങളെ തേടി വരും അന്ന് നിങ്ങള്‍ ഒറ്റക്കാവാരിക്കട്ടെ.

ശ്രീജിത്ത് പൊയില്‍ക്കാവ്

നാടക ചലച്ചിത്ര സംവിധായകന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്

We use cookies to give you the best possible experience. Learn more