നിലനില്‍ക്കുന്ന വ്യവസ്ഥാപിത സാമൂഹ്യ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന എന്തിനും ലോകത്തെവിടയും വലിയൊരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും എന്ന കേവല യുക്തിമാത്രമാണ് മലയാള സീരിയലുകളുടെ കാര്യത്തിലും നടക്കുന്നത്
കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള അവാര്‍ഡ് ജൂറി നല്‍കാതിരിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. വളരെ ലളിതമായ കമ്പോള യുക്തിയാണ് ലോകം മുഴുവനുള്ള സോപ്പ് ഓപ്പറകള്‍ എന്ന് വിളിക്കാവുന്ന ടെലിവിഷന്‍ സീരിയലുകള്‍ക്ക് പിന്നിലുള്ളത് എന്നതാണ് സത്യം. അത് വെറും വിപണനമൂല്യവുമായി ബന്ധപ്പെട്ടതാണ്. വെറുമൊരു കച്ചവട ദൃശ്യരൂപം എന്നതിനപ്പുറം സീരിയലുകളെ കല എന്ന് പോലും വിളിക്കാന്‍ കഴിയുമോ എന്നത് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ഒരിക്കലും അവാര്‍ഡ് നല്‍കേണ്ട ഒരിനമല്ല ടെലിവിഷന്‍ സീരിയലുകള്‍.
എന്നിരുന്നാലും രണ്ട് വര്‍ഷമായി ഒരു സംസ്ഥാനത്ത് സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാതിരിക്കാന്‍ കാരണമെന്തായിരിക്കും? ലക്ഷക്കണക്കിന് സീരിയല്‍ കാണുന്ന പ്രേക്ഷകരെ ബുദ്ധിശൂന്യരാക്കുകയല്ലേ ഈ ജൂറി ചെയ്യുന്നത്? നിങ്ങള്‍ക്ക് മുന്നിലെത്തിയ സീരിയലിന് മാര്‍ക്കിട്ടാല്‍ പോരേ നിലവാരം ഒക്കെ അളക്കുന്നത് എന്തിനാണ്? ഇങ്ങനെ പോകുന്ന നിരവധി ചോദ്യങ്ങളുണ്ട്.
ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുന്നതിന് മുന്‍പേ ഈ ടി.വി. സീരിയലുകളുടെ ഒരു ലഘു ചരിത്രം നമ്മള്‍ മനസ്സിലാക്കുന്നത് നന്നാവും. പണ്ട് കാലത്ത് അതായത് റേഡിയോ വന്ന കാലത്ത് തുടങ്ങിയതാണ് ഈ സോപ്പ് ഓപ്പറ എന്ന എപ്പിസോഡുകളായുള്ള ഈ സമ്പ്രദായം. കുടുംബ പ്രശ്‌നങ്ങളും അമിതമായ വികാരവിക്ഷേപങ്ങളും നിറഞ്ഞ ഈ പ്രകടനങ്ങള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം ആസ്വദിക്കാന്‍ തുടങ്ങി. ഈ പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാരെല്ലാം സോപ്പ് കമ്പനിക്കാരായതിനാല്‍ പരിപാടി സോപ്പ് ഓപ്പറ എന്നറിയപ്പെട്ടു.
റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്ന കാലത്ത് ഒരു ഉപരിവര്‍ഗ്ഗത്തിന് മാത്രമായിരുന്നു അത് വാങ്ങാനും – കേള്‍ക്കാനും കഴിഞ്ഞിരുന്നത് എന്ന് പ്രത്യേകം ഓര്‍ക്കുക. അങ്ങിനെ ഒരു ഉപരിവര്‍ഗ്ഗത്തിന്റെ ഇഷ്ടങ്ങള്‍ പിന്നീട് റേഡിയോ ജനപ്രിയമായപ്പോള്‍ സാധാരണ ശ്രോതാക്കളിലേക്കും അടിച്ചേല്‍പ്പിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി സോപ്പ് ഓപ്പറകള്‍ ടെലിവിഷന്‍ തുടങ്ങിയ കാലത്ത് തന്നെ ടെലിവിഷനിലേക്ക് മാറുന്നു.
ടെലിവിഷന്റെയും ആദ്യ കാലഘട്ടങ്ങളില്‍ അത് വാങ്ങാന്‍ കഴിഞ്ഞത് ഒരു ഉപരിവര്‍ഗ്ഗത്തിന് തന്നെയാണ്. ടെലിവിഷന്‍ ജനകീയമായപ്പോള്‍ ഈ സോപ്പ് ഓപ്പറയും എല്ലാ വിഭാഗം പ്രേക്ഷകരിലേക്കും അടിച്ചേല്‍പ്പിക്കപ്പെട്ടു. അതായത് സോപ്പ് ഓപ്പറകള്‍ തുടക്ക കാലം മുതലേ സൗന്ദര്യശാസ്ത്രപരമായും, ഘടനാപരമായും, ഉള്ളടക്കം കൊണ്ടും ഒരു മുതലാളിത്ത ഉല്‍പന്നമോ ഉപരിവര്‍ഗ്ഗ കലാ(?)സൃഷ്ടിയോ ആയിരുന്നു. ഇതിന്റെയൊക്കെ ഉപോല്‍പന്നം തന്നെയാണ് കേരളത്തിലെ ടെലിവിഷന്‍ സീരിയലുകള്‍ എന്നതാണ് സത്യം.
ദൂരദര്‍ശനിലെ ചില ടെലിവിഷന്‍ സീരിയലുകള്‍ ഒഴികെ മികച്ചത് എന്ന ഗണത്തില്‍ പെടുത്താന്‍ ഒന്നും തന്നെ മലയാള ടെലിസീരിയല്‍ ചരിത്രമെടുത്താല്‍ നമുക്ക് കിട്ടില്ല എന്ന നിര്‍ഭാഗ്യാവസ്ഥ മനസ്സിലാക്കിയിട്ട് മാത്രം ഈ രണ്ട് വര്‍ഷത്തെ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്ത ജൂറി തീരുമാത്തെ നമ്മള്‍ വിശകലനം ചെയ്യുന്നത് നന്നാവും.
ടെലിവിഷന്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് അനിവാര്യമോ?
ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മേഘല എന്ന നിലക്ക് ആ മേഘലയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നതില്‍ തെറ്റില്ല എന്നതാണ് ഒരു വീക്ഷണം. മറ്റൊരു കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഒരു കല എന്ന് വിലയിരുത്തി അവാര്‍ഡ് നല്‍കേണ്ടതുണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ജനകീയമാകുന്ന സീരിയലുകള്‍ ഈയിടെയായി ദൃശ്യചാരുതയില്‍ ശ്രദ്ധിക്കുന്നു എങ്കിലും ഉള്ളടക്കം പലപ്പോഴും ഒട്ടും ശ്രദ്ധിക്കാതെ പടച്ച് വിടുന്നതാണ്.
സമൂഹത്തിന്റെ മനസ്സികാവസ്ഥയെ ഈ സീരിയലുകള്‍ വലിയ രീതിയില്‍ വിഷലിപ്തമാക്കുന്നുണ്ട്. സ്ത്രീധനം, ഗാര്‍ഹികപീഠനം, ശിശുവിരുദ്ധത, സ്ത്രീ വിരുദ്ധത തുടങ്ങിയ കാര്യങ്ങളാണ് സീരിയലുകളുടെ പ്രധാന കഥാതന്തു. സ്ത്രീകള്‍ ആണ് പ്രധാന പ്രേക്ഷകര്‍ എന്നത് കൊണ്ട് തന്നെ സ്ത്രീകളില്‍ പകയും പ്രതികാരവും നിറക്കുന്ന തരത്തിലുമാണ് പല സീരിയലുകളും നിര്‍മ്മിക്കപ്പെടുന്നത്.
ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ സീരിയല്‍ എഴുത്തുകാര്‍ മുഴുവനും പുരുഷന്‍മാര്‍ ആണെന്നതാണ്. ഈ പുരുഷന്‍മാരുടെ കാഴ്ചയിലെ സ്ത്രീ അനുഭവങ്ങളും, സ്ത്രീ സങ്കല്‍പങ്ങളും ആണ് വികലമായി സ്ത്രീ പ്രശ്‌നങ്ങള്‍ എന്ന പേരില്‍ മലയാളം സീരിയലുകളില്‍ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും സ്ത്രീവിരുദ്ധമാവുന്നതില്‍ അത്ഭുതപ്പെടാനൊന്നും ഇല്ല.
ജൂറി തീരുമാനം ശരിയാണോ?
2019 ല്‍ മധുപാല്‍ ജൂറി ചെയര്‍മാനായ കമ്മിറ്റിയും 2020 ല്‍ ശരത്ത് ചെയര്‍മാനായ സംസ്ഥാന ടെലിവിഷന്‍ ജൂറി കമ്മറ്റിയും എടുത്ത തീരുമാനത്തില്‍ ഒരു ശരികേടില്ലേ? ഈ ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. സത്യത്തില്‍ ജൂറിക്ക് മുന്‍പിലെത്തുന്ന സീരിയലുകള്‍ അവര്‍ വിലയിരുത്തിയാല്‍ പോരെ എന്നത് പലപ്പോഴും പ്രസക്തമായ ഒരു ചോദ്യം ആയി നമുക്ക് തോന്നാം. പക്ഷേ ജൂറിക്ക് മുന്‍പില്‍ അവാര്‍ഡ് നിര്‍ണ്ണയ ബൈലോ എന്നൊന്നുണ്ട്. ഈ നിയമാവലിയില്‍ കൃത്യമായി എന്തിനാണ് അവാര്‍ഡ് നല്‍കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
മികച്ച കലാമൂല്യവും, സാമൂഹ്യ പ്രതിബദ്ധതയും ആണ് സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള പ്രധാന മാനദണ്ഡങ്ങള്‍. ഈ മാനദണ്ഡങ്ങള്‍ രണ്ടും അവാര്‍ഡിനായി പരിഗണിച്ച ഒരു സീരിയലിലും ഉണ്ടായില്ല എന്നതാണ് പ്രധാനമായും ടി.വി. സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാതിരിക്കാനുള്ള കാരണമായി ജൂറി വിലയിരുത്തിയത്. അതിനൊപ്പം ഈ വര്‍ഷത്തെ ജൂറി സീരിയലുകള്‍ സാമൂഹ്യവിരുദ്ധമാണ് എന്ന് കൂടി ചൂണ്ടിക്കാണിച്ചു.
സാമൂഹ്യവിരുദ്ധമാണോ സീരിയലുകള്‍, പിന്നെ എന്തുകൊണ്ട് ഇത്രയധികം പ്രേക്ഷകര്‍?
ഒരുപാട് പ്രേക്ഷകരുള്ള ദൃശ്യ നിര്‍മ്മിതികള്‍ എല്ലാം മികച്ചതാണ് എന്ന് വിലരുത്താന്‍ കഴിയില്ല എന്നതാണ് സത്യം. തൊണ്ണൂറുകളില്‍ ഹിറ്റായ സോഫ്റ്റ് പോണ്‍ സിനിമയായ കിന്നാരത്തുമ്പികള്‍ നൂറ് ദിവസം ഓടുന്നതും, സോഫ്റ്റ് പോണ്‍ യു ട്യൂബ് ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് സബ്‌ക്രൈബേഴ്‌സ് ഉണ്ടാവുന്നതുമെല്ലാം കലാമൂല്യം കൊണ്ടോ അതിലെ ഉള്ളടക്കത്തിലെ മഹാത്മ്യം കൊണ്ടോ അല്ല. മനുഷ്യന്റെ വികലമായ ലൈംഗിക കാമനകള്‍ മാത്രമാണ് ഇതിന്റെയൊക്കെ ജനപ്രിയതക്ക് കാരണം. ഇത്തരത്തിലുള്ള ഒരു മാനസിക വ്യാപാരം തന്നെയാണ് മലയാള സീരിയല്‍ പ്രേക്ഷകരിലും നടക്കുന്നത്.
തികച്ചും അടിച്ചമര്‍ത്തപ്പെട്ട കുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീ മനസ്സുകളിലേക്ക് പകയും വിദ്വേഷവും പടര്‍ത്തിയാണ് നാളിന്നുവരെ സീരിയല്‍ നില നിന്നത്. കാലം മാറുമ്പോഴും സീരിയലിലെ പ്രധാന പ്രശ്‌നം താലിമാലയും, കന്യകത്വവും, പാതിവൃത്യവും, വിവാഹവും, വിവാഹേതര ബന്ധങ്ങളും തന്നെയാണ്. ഇത് പലപ്പോഴും ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ മൊത്തത്തില്‍ തന്നെ പിന്നോട്ട് നയിക്കുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
നിലനില്‍ക്കുന്ന വ്യവസ്ഥാപിത സാമൂഹ്യ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന എന്തിനും ലോകത്തെവിടയും വലിയൊരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയും എന്ന കേവല യുക്തിമാത്രമാണ് മലയാള സീരിയലുകളുടെ കാര്യത്തിലും നടക്കുന്നത്. ഇതിനെ ഒരു വലിയ കാര്യമായി വിലയിരുത്തുന്നത് ബുദ്ധിശൂന്യതയാണ്.
ഇനിയെന്താണ് മലയാള സീരിയലുകളുടെ ഭാവി?
ഒരു തൊഴില്‍ മേഘല എന്ന രീതിയില്‍ സീരിയലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഉള്ളടക്കത്തിന്റെ കാര്യത്തിലോ നിര്‍മാണത്തിന്റെ കാര്യത്തിലോ സീരിയലുകള്‍ മാറാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. കാരണം ലോകം മുഴുവന്‍ ഈ സോപ്പ് ഓപ്പറ വ്യവസായം ടെലിവിഷന്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കും. നിലനിന്നിട്ടും ഉണ്ട്.
പക്ഷേ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഒരു ദൃശ്യരൂപത്തിന് അവാര്‍ഡുകള്‍ നല്‍കുമ്പോള്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തും എന്ന മികച്ച ഒരു സൂചനയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കമ്മറ്റി തെളിയിച്ചത്. ആ ജാഗ്രത അനിവാര്യമാണ്, കാരണം സംസ്ഥാന പുരസ്‌കാരം നല്‍കല്‍ നമ്മുടെ ഓരോരുത്തരുടേയും നികുതി പണത്തില്‍ നിന്നാണ്. ഒപ്പം ഒരു കലയെ ചരിത്രത്തില്‍ രേഖപ്പെടുത്തലുമാണത്. ഇത്തരത്തില്‍ ആദരിക്കപ്പെടാന്‍ ഈ കലാഉല്‍പന്നത്തിന് മിനിമം ക്വാളിറ്റിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്. വരും കാലത്ത് ആ മിനിമം ക്വാളിറ്റിയിലേക്കെങ്കിലും ഉയരാന്‍ നമ്മുടെ സീരിയലുകള്‍ക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.