ആലപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനു ക്രൂര മര്‍ദ്ദനമേറ്റിരുന്നെന്നും അടിവയറ്റില്‍ മാരക മുറിവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയും അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ 18 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശ്രീജിത്തിന്റെ കുടല്‍ പൊട്ടിയതായി ആദ്യ ദിവസം തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൈകാലുകള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആന്തരികാവയവങ്ങള്‍ തകര്‍ന്നതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ ആയുധം കൊണ്ടുള്ള മുറിവുകളൊന്നും ഇല്ല.
അതിക്രൂരമായ മര്‍ദനം ഏറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. കുടല്‍ മുറിയുകയും, തന്മൂലം ഉണ്ടായ അണുബാധയുമാണ് മരണത്തിനിടയാക്കിയത്. വൃക്ക, കരള്‍ എന്നിവ അടക്കം പ്രധാന ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ട്. ഇവയ്ക്ക് രണ്ടുമുതല്‍ മൂന്നുദിവസം വരെയാണ് പഴക്കമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ. സക്കറിയയുടെ നേതൃത്വതിലുള്ള മൂന്നംഗ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തത്. അന്വേഷണത്തിന്റ ഭാഗമായി അടുത്തദിവസംതന്നെ പോലീസ്, ഫോറന്‍സിക് സര്‍ജന്റെ വിശദമൊഴി രേഖപ്പെടുത്തും.