| Friday, 25th November 2022, 4:46 pm

മിശ്രവിവാഹത്തിന് ധനസഹായമെന്ന് മന്ത്രി, മറ്റുള്ളവര്‍ ജന്മനാ ധനികരാണോയെന്ന് ശ്രീജിത്ത് പണിക്കര്‍; യു.പിയിലിത് വാങ്ങാന്‍ ആളുണ്ടാകില്ലെന്ന് കമന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മിശ്രവിവാഹം ചെയ്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് ധനസഹായം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.

അതാത് മതത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ ദമ്പതികളൊക്കെ ജന്മനാ ധനികര്‍ ആയതുകൊണ്ടാവും എന്ന ചോദ്യത്തോടെ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ അറിയിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ശ്രീജിത്ത് പണിക്കരുടെ വിമര്‍ശനം.

മിശ്രവിവാഹം ചെയ്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് 30,000 രൂപ ധനസഹായം നല്‍കുന്നുവെന്നും, അതിന്റെ കൂടുതല്‍ വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് ലിങ്കും അടങ്ങിയ അറിയിപ്പായിരുന്നു മന്ത്രി ആര്‍. ബിന്ദു ട്വിറ്ററില്‍ പങ്കുവെച്ചത്.

‘സ്‌നേഹമാണ് മതമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഒരു സ്‌നേഹസമ്മാനം’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററിനൊപ്പമാണ് മന്ത്രി അറിയിപ്പ് പങ്കുവെച്ചത്.

അതേസമയം, ശ്രീജിത്ത് പണിക്കരുടെ വിമര്‍ശനത്തിന് പ്രതികരണവുമായും നിരവധി ആളുകള്‍ ട്വീറ്റിന് താഴെ എത്തിയിട്ടുണ്ട്.

ഹിഹിഹി അങ്ങനെ ചോദിക്ക്. നിങ്ങളെ പോലുള്ള ബിജെപിക്കാര്‍ ഇവിടെ ഉള്ളപ്പൊള്‍ ആള്‍ക്കാരെ മണ്ടന്മാരാക്കാന്‍ പറ്റില്ല.

‘യു.പിയില്‍ ആണെങ്കില്‍ ഇത് വാങ്ങാന്‍ പോലും ആളെ കാണില്ല, ജയ് യോഗി ജി.

ഹിന്ദുക്കള്‍ക്ക് ബി.ജെ.പി ഉണ്ടല്ലോ സഹായിക്കാന്‍.

അതാതു മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ അത് മിശ്ര വിവാഹം ആകുമോ പണിക്കര്‍ ജീ?

വടക്കേ ഇന്ത്യയില്‍ മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് വലിയ സമ്മാനം കൊടുക്കുന്നുണ്ട്. മലയാളത്തില്‍ അതിന് ദുരഭിമാന കൊല എന്ന് പറയും.

മിശ്രവിവാഹം നടത്തി ഏതെങ്കിലും ഒരു മതത്തിലേക്ക് മാറുന്നവര്‍ക്ക് ഈ സഹായം നല്‍കരുത് അങ്ങനെ നല്‍കിയാല്‍ ഇത് മതം മാറ്റത്തിനുള്ള സഹായം നല്‍കല്‍ ആകും,’ തുടങ്ങിയ പ്രതികരണങ്ങളാണ് ട്വീറ്റിന് താഴെ വന്നത്.

Content Highlight: Sreejith Panickar’s Criticism About Inter caste marriage Funding Scheme by Kerala Government

We use cookies to give you the best possible experience. Learn more