മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴും എമ്പുരാനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് എമ്പുരാനില്‍ കാണിച്ചത് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.
ചിത്രത്തിലെ വിവാദഭാഗങ്ങള്‍ പലതും വെട്ടിമാറ്റി റീസെന്‍സര്‍ ചെയ്യാന്‍ ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. 24 ഇടത്ത് കട്ട് ചെയ്ത പുതിയ പതിപ്പ് ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിലെ ഭാഗങ്ങള്‍ സംഘപരിവാറിനെ ചൊടിപ്പിച്ചതോടെ മോഹന്‍ലാല്‍ ഖേദപ്രകടനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ചിത്രം വിവാദമായതുമുതല്‍ സംവിധായകനായ പൃഥ്വിരാജിനെ മാത്രം വിമര്‍ശിക്കുന്ന ശ്രീജിത് പണിക്കര്‍ക്കെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ തിരക്കഥാകൃത്തിനെയും നായകനെയും നിര്‍മാതാവിനെയും കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ ദിനവും അഞ്ചും ആറും പോസ്റ്റുകളാണ് ശ്രീജിത് തന്റെ ഫേസ്ബുക്ക് പേജില്‍ ഇടുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മറ്റ് നടന്മാര്‍ പ്രതികരിക്കാതിരുന്നപ്പോള്‍ പോലും പൃഥ്വിരാജിനെ മാത്രമാണ് ശ്രീജിത് പണിക്കര്‍ ടാര്‍ഗറ്റ് ചെയ്തതെന്നും ഒടുവില്‍ പൃഥ്വിരാജ് പ്രതികരിച്ചപ്പോള്‍ ശ്രീജിത് പണിക്കര്‍ക്ക് മിണ്ടാട്ടമില്ലാതായെന്നും വിനീത് വാസുദേവന്‍ എന്നയാള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ കേരളത്തില്‍ വന്ന കാലം മുതല്‍ പൃഥ്വിക്കെതിരെ ഹേറ്റ് നടക്കുന്നുണ്ടെന്നും എന്നാല്‍ ശ്രീജിത് പണിക്കരെപ്പോലെ പൃഥ്വിയോട് വിദ്വേഷമുള്ളയാളെ കണ്ടിട്ടില്ലെന്നും വിനീത് തന്റെ പോസ്റ്റില്‍ കുറിച്ചു.
പല തരത്തിലുള്ള ചൊറിച്ചില്‍ കണ്ടിട്ടുണ്ടെന്നും എന്നാലിത് ചൊറിയന്‍ പുഴു പോലും തോറ്റുപോകുന്ന തരത്തിലുള്ള ചൊറിച്ചിലാണ് ശ്രീജിത് പണിക്കരുടേതെന്നും പറഞ്ഞാണ് വിനീത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എമ്പുരാനില്‍ പുറമെ നിഷ്പക്ഷനായി നടിച്ച് അവസരം കിട്ടുമ്പോള്‍ വര്‍ഗീയവാദിയാകുന്ന മുന്ന എന്ന കഥാപാത്രത്തെ ശ്രീജിത് പണിക്കരോട് ഉപമിച്ച പോസ്റ്റും വൈറലാണ്.
ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷയും ശ്രീജിത് പണിക്കര്‍ക്കെതിരെ പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. എമ്പുരാന്‍ റീ സെന്‍സര്‍ ചെയ്തതിന് പിന്നാലെ ‘പൃഥ്വി 24’ എന്നെഴുതിയ ജേഴ്‌സിയുടെ ചിത്രം ‘ആളറിഞ്ഞ് കളിക്കാന്‍’ എന്ന ക്യാപ്ഷനോടെ ശ്രീജിത് പണിക്കര്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടോടെയാണ് ഐഷ പ്രതികരിച്ചത്. ‘ജേഴ്‌സി മാത്രമിട്ടാല്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ കഴിയില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റാണ് ഐഷ പങ്കുവെച്ചത്.
Content Highlight: Sreejith Panickar has been criticized in Social media for targeting Prithviraj in Empuraan controversy